നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു
ഒറ്റപ്പാലം
നെല്ലിക്കുറുശി കുതിരവഴിപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് രാവിലെ 11ന് പി ഉണ്ണി എംഎൽഎ നിർവഹിക്കും. ഒറ്റപ്പാലം നഗരസഭയെയും ലെക്കിടി പേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് മുളഞ്ഞൂർ തോടിനുകുറുകെ കുതിരവഴിപ്പാലം നിര്‍മിക്കുന്നത്. പാലത്തിന് പി ഉണ്ണി എംഎൽഎയുടെ ഇടപെടലിൽ സർക്കാർ ബജറ്റിൽ നാലു കോടി രൂപ വകയിരുത്തി.
പാലത്തിന് 26 മീറ്റർ നീളമുള്ള രണ്ട് സ്പാനുകൾ ഉണ്ടാകും. നടപ്പാതകൾ ഉൾപ്പെടെ വീതി 11 മീറ്ററാണ്. ഇതിൽ ഏഴര മീറ്ററാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലം. 52 മീറ്റർ നീളവും അഞ്ചു മീറ്റർ ഉയരവും പാലത്തിനുണ്ടാകും.
പാലപ്പുറം ചക്കാലക്കുണ്ട് ഭാഗത്ത് 70 മീറ്ററും നെല്ലിക്കുറുശി ഭാഗത്ത് 65 മീറ്റർ നീളത്തിലുമായിരിക്കും അപ്രോച്ച് റോഡുകൾ. പാലംവരുന്നതോടെ നെല്ലിക്കുറുശി- മുളഞ്ഞൂർ, മുരുക്കുംപറ്റ മേഖലയിലെ ജനങ്ങൾക്ക് പാലപ്പുറം, ചിനക്കത്തൂർ കാവ്, ലെക്കിടി പ്രദേശങ്ങളിലെത്താൻ എളുപ്പമാകും.
ചിനക്കത്തൂർ പൂരത്തിന് നെല്ലിക്കുറുശിയിൽനിന്നുള്ള കുതിരക്കോലത്തെ ചുമക്കുന്നവർക്ക് തോട് ഇറങ്ങിക്കയറുന്നതും ഒഴിവാകും. പാലം വേഗത്തിൽ പൂര്‍ത്തിയാക്കുമെന്ന് പി ഉണ്ണി എംഎൽഎ പറഞ്ഞു.