മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നതിന് നിർദിഷ്ട മിനി ബൈപാസ് നിർമാണത്തിനു പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.
മിനി ബൈപാസ് യാഥാർഥ്യമായാൽ നഗരത്തിൽ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ നടപടികളാണ് തുടങ്ങിയത്. വരുംദിവസങ്ങളിൽ പൂളച്ചിറമുതൽ സർവേക്കല്ലുകൾ സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള വിശദമായ പഠന റിപ്പോർട്ടും സമർപ്പിക്കും.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വട്ടന്പലം ജംഗ്ഷനിൽനിന്നാണ് ബൈപാസിനു തുടക്കമാകുന്നത്. ഇവിടെനിന്ന് കല്ല്യാണക്കാപ്പ്, പള്ളിക്കുന്ന് ജംഗ്ഷനിലെത്തും. ഇവിടെ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപത്തെ വഴിയിലൂടെ പൂളച്ചിറയിലേക്കും തുടർന്നു കുന്തിപ്പുഴയ്ക്കു കുറുകേ പാലം നിർമിച്ച് മാസപ്പറന്പ് ജംഗ്ഷനിലേക്കും റോഡിനെ ബന്ധിപ്പിക്കും.
തുടർന്ന് തത്തേങ്ങലം റോഡുവഴി അട്ടപ്പാടി റോഡിലെ പഴയ ചെക്കുപോസ്റ്റിന് മുന്നിലെത്തുന്നതാണ് നിർദിഷ്ട ബൈപ്പാസ്. ഇതുവഴി കുമരംപുത്തൂർ പഞ്ചായത്തിനേയും തെങ്കര പഞ്ചായത്തിനേയും നഗരസഭയേയും ബന്ധിപ്പിക്കാനാകുമെന്നതിനാൽ മലയോര മേഖലയിലുള്ളവരുടെയും നഗരാതിർത്തിയിലുള്ളവരുടെയും യാത്രാസൗകര്യവും എളുപ്പമാകും.
നിർദിഷ്ട ബൈപാസ് റോഡിന്റെ സാധ്യതാപഠന റിപ്പോർട്ട് ഉടനേ സമർപ്പിക്കും. ഇതിന്റെ പ്രാരംഭപ്രവർത്തനമെന്ന നിലയിലാണ് സർവേ തയാറാക്കൽ, പാലത്തിന്റെ സ്ഥലപരിമിധി ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാനുമായി മൂന്നരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്.പത്തു കിലോമീറ്റർ ദൈർഘ്യം വരുന്നതും 12 മീറ്റർ വീതിയുള്ളതുമാണ് ഉന്നത നിലവാരത്തിലുള്ള നിർദിഷ്ട മിനി ബൈപാസ്.