ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ലുസംഭരണം ഊർജ്ജിതമാക്കും
ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കും. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ സഹകരണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
ഒക്ടോബർ 19 ന് സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പിടും.
35 സഹകരണ സംഘങ്ങളാണ് നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇവയിൽ ചിലത് നെല്ല് അരിയാക്കി മാറ്റുന്നതിനുളള സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റെടുത്ത നെല്ല് കഞ്ചിക്കോട് കിൻഫ്ര, ആലത്തൂർ വെയർ ഹൗസിംഗ് കോർപറേഷൻ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ ശേഖരിക്കാനുള്ള സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
വിവിധ ഭാഗങ്ങളിലായുള്ള സഹകരണ സംഘങ്ങൾക്ക് അതതു പ്രദേശത്തെ പാടശേഖരങ്ങൾ തന്നെ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
അതേ സമയം നെല്ലുസംഭരണത്തിന് കൂടുതൽ സ്വകാര്യ മില്ലുകാർ സന്നദ്ധത അറിയിച്ചാൽ അവരെ കൂടി ഉൾപ്പെടുത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
നിലവിൽ രണ്ട് സർക്കാർ മില്ലുകൾ ഉൾപ്പെടെ അഞ്ച് മില്ലുകൾ നെല്ല് സംഭരണം നടത്തി വരികെയാണ് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള സംഭരണത്തിന് ധാരണ ആയത്.
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡി. ബാലമുരളി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ വി. സുരേഷ് ബാബു, ജില്ലാ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ
അനിത ടി. ബാലൻ, അഗ്രികൾച്ചറൽ അഡീഷണൽ ഡയറക്ടർ ( മാർക്കറ്റിംഗ്) എൽ.ആർ.മുരളി, സപ്ലൈകോ റീജണൽ മാനേജർ ശിവകാമി അമ്മാളു, പാഡി മാനേജർ അനൂപ്, പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ പി. കൃഷ്ണകുമാരി, മുകുന്ദകുമാർ, തെരഞ്ഞെടുത്ത സഹകരണ സംഘം പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്