മോയന്‍ സ്കൂളിലെ ഡിജിറ്റലൈസേഷന് സംബന്ധിച്ച് തനിക്കു നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതി ആരോപണവും അട്ടിമറി ആരോപണവും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ തന്ത്രമാണ്. കാലതാമസം വരുന്നതിന്റെ ഉത്തരവാദിത്വം എം എല്‍ എ യുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നതും ശരിയല്ല. മറ്റൊരു കെ എസ് ആര് ടി സി യാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും അനുമതി നല്‍കിയിട്ടും ചില വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിയും പിടിപ്പുകേടുമാണ് ഈ പദ്ധതി ഇഴയുന്നതിന്റെ കാരണം. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റേറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 4 കോടി രൂപ ചിലവഴിച്ചെന്നും അത്രയും രൂപയുടെ പ്രവൃത്തി കാണാനില്ലെന്നുമായിരുന്നും ആരോപണത്തില്‍ ഒന്ന്. എന്നാല്‍ രണ്ടുകോടി ഇരുപത്തിയൊന്നു ലക്ഷം രൂപ മാത്രമേ ചിലവഴിച്ചിട്ടുള്ളൂ. നാലുകോടി എന്നത് ആരോ പടച്ചുവിട്ട നുണപ്രചാരണമാണെന്നും ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. കെല്‍ട്രോണും വ്യവസായ വകുപ്പും മറ്റും പരസ്പരം കത്തുകളയച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയെ കാലതാമസം വരുത്തുകയാണെന്നും സത്യം മനസ്സിലാക്കണമെന്നും പാലക്കാടിന്റെ സ്വപ്ന പദ്ധതിക്ക് തുരങ്കം വെക്കുന്നത് ആരായാലും അംഗീകരിക്കാനാവില്ലെന്നും ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.,