മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യമായ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 559 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സമ്പൂർണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഖരമാലിന്യ സംസ്കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുകയും തുടർന്ന് ദ്രവമാലിന്യമുൾപ്പെടെയുള്ള സമ്പൂർണ മാലിന്യ സംസ്കരണം ഒരുക്കുന്ന മുറയ്ക്ക് സമ്പൂർണ ശുചിത്വ പദവി നൽകുകയായിരുന്നു നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സർക്കാർ ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ 250 തദ്ദേശ സ്ഥാപനങ്ങളെയാണ് ഇതിനായി ഉദ്ദേശിച്ചത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മകമായ ഇടപെടലിലൂടെ ഇതിൽ ഇരട്ടി വർധനവുണ്ടാക്കാൻ സാധിച്ചു.
ശുദ്ധവും സമൃദ്ധവുമായ ജലലഭ്യത ഉറപ്പു വരുത്തുക, മണ്ണ് – ജലം – വായു എന്നിവയുടെ സ്വാഭാവിക ശുദ്ധി തിരിച്ചുപിടിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷനിലൂടെ ലക്ഷ്യമിട്ടത്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ഉറവിട മാലിന്യ സംസ്കരണം, എയറോബിക് കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ, ജൈവവളമാക്കി മാറ്റുന്നതിനുള്ള യൂണിറ്റ് സ്ഥാപിക്കൽ എന്നിവ ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാനായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിത കർമ്മ സേനയെ രൂപീകരിച്ചു. 1551 സംരംഭ ഗ്രൂപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർ ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിച്ച് പുന:ചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്ന ശൃംഖല പൂർത്തിയായതോടെ അജൈവ മാലിന്യ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമായിട്ടുണ്ടെന്നും ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ഇ- മാലിന്യശേഖരണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി
ജില്ലയിൽ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുവരെ ശുചിത്വ പദവി സ്വയം പ്രഖ്യാപിച്ചത്. ഇതിൽ പരിശോധന പൂർത്തീകരിച്ച് അവലോകന സമിതി യോഗം ചേർന്ന് വിലയിരുത്തിയ 28 ഗ്രാമ പഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശുചിത്വ പദവി പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. വിദഗ്ധ പരിശോധന പ്രകാരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 94 മാർക്കോടെ ഒന്നാമതെത്തി. നഗരസഭകളിൽ 91 മാർക്കോടെ ചിറ്റൂർ – തത്തമംഗലം ഒന്നാമതായി.
നല്ലേപ്പിള്ളി, പല്ലശ്ശന, നെന്മാറ, വണ്ടാഴി, ആലത്തൂർ, തരൂർ, വടക്കഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി, പരതൂർ, മുതുതല, കപ്പൂർ, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, കാരാക്കുറുശ്ശി, മുണ്ടൂർ, മണ്ണൂർ, കോങ്ങാട്, മങ്കര, പുതുപ്പരിയാരം, അകത്തേത്തറ, കൊടുമ്പ്, കൊടുവായൂർ, അമ്പലപ്പാറ, അനങ്ങനടി, അഗളി പഞ്ചായത്തുകളും ഷൊർണ്ണൂർ, ചിറ്റൂർ – തത്തമംഗലം, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം നഗരസഭകളും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുമാണ് സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനത്തിലുൾപ്പെട്ട ജില്ലയിൽ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങൾ.
മുഴുവൻ ഗ്രാമ പഞ്ചായത്തുകളെയും ശുചിത്വ പദവിയിലെത്തിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക്
മുഴുവൻ ഗ്രാമ പഞ്ചായത്തുകളെയും സമയബന്ധിതമായി ശുചിത്വ പദവിയിലെത്തിച്ച ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ബ്ലോക്കിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഹരിത കർമ്മ സേനകൾ സജീവമാണ്. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ 19, 213 വീടുകളിലാണ് ഉറപ്പാക്കിയിട്ടുള്ളത്. 2358 വാണിജ്യ സ്ഥാപനങ്ങളിൽ കൃത്യമായ മാലിന്യ സംസ്ക്കരണ സംവിധാനമുണ്ട്. 30 ഇടങ്ങളിൽ സാമൂഹ്യ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ 8.5 ടൺ ജൈവ മാലിന്യം വളമാക്കി മാറ്റുന്നു. 23886 വീടുകളിൽ നിന്നും, 1830 സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനകൾ അജൈവ മാലിന്യം ശേഖരിക്കുന്നു. 107.28 ടൺ ഖരമാലിന്യം എല്ലാ മാസവും ഉത്പാദിപ്പിക്കപ്പെടുന്ന ബ്ലോക്ക് പരിസരം ശുചിത്വമുള്ള മേഖലയാക്കുന്നതിന് മുഴുവൻ ഗ്രാമ പഞ്ചായത്തുകളെയും കൂട്ടിയിണക്കി മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ദേശീയ തലത്തിൽ ഹരിത കേരളം മിഷൻ സംഘടിപ്പിച്ച മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട നാഷണൽ വെബിനാറിൽ പങ്കെടുത്ത സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്തും ശ്രീകൃഷ്ണപുരമാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്