പാലക്കാട്‌നെല്ല് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാതീരുമാനം ജില്ലയിലെ കർഷകർക്ക് ഏറെ ആശ്വാസവും നേട്ടവുമാകും. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന നടക്കുന്ന നെല്ല് സംഭരണത്തിലെ പോരായ്‌മകൂടി പരിഹരിക്കാനാണിത്. കൊയ്‌ത്ത് തുടങ്ങുന്നതിനുമുമ്പ് മില്ലുകാരുമായി കരാർ ഉണ്ടാക്കുന്നതിൽ വീഴ്‌ചയുണ്ട്. കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യമില്ലുകാർക്ക് നൽകാൻ കർഷകർ നിർബന്ധിതരാകുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. സഹകരണ സ്ഥാപനമായ പാഡികോ ജില്ലയിൽ നെല്ല് സംഭരണം നേരത്തേ ആരംഭിച്ചു. എന്നാൽ ഇവർക്ക് വലിയ ഗോഡൗൺ ഇല്ലാത്തതിനാൽ കൂടുതൽ നെല്ല് സംഭരിക്കാൻ കഴിയില്ല. ആയിരംലോഡ് നെല്ലാണ് സംഭരിക്കാൻ കഴിയുക. മറ്റൊരു സർക്കാർ സ്ഥാപനമായ ഓയിൽപാം ഇന്ത്യയും ജില്ലയിൽനിന്ന് നെല്ല് എടുക്കുന്നുണ്ട്. ഇവർക്കും കൂടുതൽ നെല്ലെടുക്കാനാകില്ല. കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ കിലോയ്‌ക്ക് 14 രൂപയ്‌ക്കുവരെ കർഷകർ നെല്ല് വിൽക്കാൻ തുടങ്ങി.