പാലക്കാട്‌കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച മുതൽ ജില്ലയിലെ വിവിധ ബ്ലോക്ക് (ആരോഗ്യം) കേന്ദ്രീകരിച്ച് ചികിത്സാ സൗകര്യമൊരുക്കും. പതിനാലിൽ പന്ത്രണ്ട് ബ്ലോക്കിലും തിങ്കളാഴ്‌ച രോഗികളെ പ്രവേശിപ്പിക്കും. വീടുകളിൽ ചികിത്സയൊരുക്കാൻ അസൗകര്യമുള്ള രോഗലക്ഷണമില്ലാത്തവരെയാണ് ഡോമിസിലറി കെയർ സെന്റർ എന്ന പേരിൽ ആരംഭിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി പഞ്ചായത്തുകൾ കണ്ടെത്തിയ കെട്ടിടങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ കേന്ദ്രത്തിലും ശരാശരി 100 കട്ടിലുണ്ട്. രണ്ട് നേഴ്‌സ്, രണ്ട് ശുചീകരണത്തൊഴിലാളി എന്നിവരെ ഓരോ കേന്ദ്രത്തിലേക്കും നിയോഗിക്കും. കേന്ദ്രത്തോട് ചേർന്നുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറാകും നോഡൽ ഓഫീസർ. ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ നിരീക്ഷണമുണ്ടാകും. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഡോക്ടറുടെ നിർദേശത്തോടെ രോഗികളെ സിഎഫ്‌എൽടിസിയിലേക്ക് മാറ്റും. രോഗികൾക്കുള്ള ഭക്ഷണം തദ്ദേശ സ്ഥാപനങ്ങൾ എത്തിക്കും. ജില്ലയിലാകെ 5,422 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.