ഭരണകൂടങ്ങളെ തിരുത്തുന്നതിനുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ ഗാന്ധിയൻ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം – കെ. സച്ചിദാനന്ദൻ –
പാലക്കാട്: ജനജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തുന്ന, അധികാര ദുർവിനിയോഗം നടത്തുന്ന ഭരണകൂടങ്ങളെതിരുത്തുന്നതിന് മറ്റൊരു നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകുവാൻഗാന്ധിയൻ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ കെ.സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ കളക്ടീവ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി ജൂൺ 5 മുതൽ നടന്നു വന്ന 120 ദിവസത്തെ നിരാഹാര സത്യഗ്രഹത്തിൻ്റെ ആദ്യ ഘട്ടം പൂർത്തീകരിച്ച് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരപന്തലിൽ നടന്ന 24 മണിക്കൂർ ഉപവാസ സത്യാഗ്രഹത്തിൻ്റെ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ ഗ്രാമങ്ങളും പരമാധികാര റിപ്പബ്ലിക്കുകളായി മാറണമെന്ന ഗാന്ധിയുടെ നിർദ്ദേശത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഭരണകൂടങ്ങൾ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ് ബീഹാറിലെ ചമ്പാരനിൽ തുടക്കം കുറിച്ച ദേശീയ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപനത്തിന് ഗാന്ധിയൻ കളക്ടീവ് കേരള സംസ്ഥാന കൺവീനർ അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ, കോളവിരുദ്ധ സമരസമിതി പ്രവർത്തകൻ പ്ലാച്ചിമട കണ്ണദാസ് തുടങ്ങിയവരാണ് ഉപവാസം അനുഷ്ഠിച്ചത്.കേരള സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ഈസാബിൻ അബ്ദുൾകരീമിൻ്റെ അധ്യക്ഷതയിൽ നടന്ന സമാപനചടങ്ങിൽ എൻ. എ. പി. എം ദേശീയ കൺവീനർ വിളയോടി വേണുഗോപാലൻ, പ്ലാച്ചിമട കോള വിരുദ്ധ സമര ഐക്യദാർഡ്യ സമിതി സംസ്ഥാന കൺവീനർ കെ.വി.ബിജു, ഗാന്ധിയൻ കളക്ടീവ് ജില്ലാ കോർഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ, പ്ലാച്ചിമട കോള വിരുദ്ധ സമര സമിതി ജന. കൺവീനർ ശക്തിവേൽ. കെ, ജോ. കൺവീനർ പ്ലാച്ചിമട ശാന്തി, പ്ലാച്ചിമട മുരുകേശൻ, തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിൽ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് നയപരമായും ഘടനാപരമായും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു കൊണ്ടുള്ള പ്രചരണ – സമര പരിപാടികളും, ഭക്ഷണ – ആരോഗ്യ കാര്യങ്ങളിലെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള ഭക്ഷ്യ – ആരോഗ്യ സ്വരാജ് കാമ്പയിനുമാണ് അടുത്ത ഘട്ടം പ്രവർത്തനമായി തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പ്രാദേശിക കർഷക കൂട്ടായ്മകൾക്ക് രൂപം കൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ദേശീയ സത്യാഗ്രഹ സമാപനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഗമങ്ങളും കൂട്ട ഉപവാസ പരിപാടികളും നടന്നു.