ഒക്ടോബര്‍ അഞ്ചിനകം കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി
കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര രോഗബാധിതര്‍ അല്ലാത്തവര്‍ക്ക് ഇവിടെ ചികിത്സ ഉറപ്പാക്കാനാവും. കാറ്റഗറി ബി, സി യില്‍ ഉള്‍പെടുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്കാന് ഇതുമൂലം സാധ്യമാകും. കോവിഡ് 19 അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ പരമാവധി രോഗികളെ പ്രവേശിപ്പിച്ച് കഴിഞ്ഞു. വരും മാസങ്ങളില്‍ രോഗികളുടെ വര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ അടക്കം കോവിഡ് ബാധിതരെ ചികില്‍സിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ 24 ഐ.സി.യു ബെഡുകളുള്ള വാര്‍ഡ് കോവിഡ് ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 14 മുറികള്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്ഭിണിക്കള്ക്കായും നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, ഗവ. വിക്ടോറിയ ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍, കിന്‍ഫ്ര, അഗളി സി.എഫ്.എല്‍.ടി.സി.കളിലും ചികിത്സ തുടരുന്നു. ജില്ലയിലെ കോവിഡ് പരിശോധന തോത് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.
മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് സജ്ജമായി
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി മന്ത്രി അറിയിച്ചു. ഇവിടെ രണ്ടു വെന്റിലേറ്റര്‍, 100 ഓക്സിജന്‍ സൗകര്യം അടങ്ങിയ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 300 ഓളം പേരെ ഇവിടെ ചികില്സിക്കാനാവും.
സ്വകാര്യ ആശുപത്രികളും ഒരുങ്ങി
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിച്ചതായി മന്ത്രി എ.കെ ബാലന് അറിയിച്ചു. വള്ളുവനാട് ആശുത്രിയില്‍ കോവിഡ് രോഗബാധിതര്‍ക്കായി 60 കിടക്കകള്‍, ഗര്‍ഭിണികള്‍ക്കായി 30 കിടക്കകള്‍, 10 വെന്റിലേറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. തങ്കം ഹോസ്്പ്പിറ്റലില് 32 ഓക്സിജന്‍ കിറ്റ്, പി.കെ ദാസില്‍ 100 ബെഡുകള്‍, രണ്ട് വെന്റിലേറ്ററുകള്‍, പാലന ആശുപത്രിയില്‍ 20 ബെഡുകള്‍, വെല്ക്കെയറില് 20 ബെഡ്, നാല് ഐ.സി.യു, അവിറ്റീസിന്റെ കൊടുവായൂരിലെ ക്ലിനിക്കില്‍ 15 ബെഡുകള്‍, ലക്ഷ്മി ഹോസ്പ്പിറ്റലില്‍ എട്ട് കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തയ്യാറായിട്ടുണ്ട്.