സംസ്ഥാനത്തെ ആദ്യ മെഗാഫുഡ് പാര്ക്ക് ഇന്ന് നാടിന് സമര്പ്പിക്കും. കിന്ഫ്രയുടെ നേതൃത്വത്തില് പാലക്കാട് പൂര്ത്തീകരിച്ച ഫുഡ് പാര്ക്ക് ഭക്ഷ്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ ചുവടുവെയ്പ്പാണ്.
കൃഷിക്ക് പ്രാധാന്യം നല്കുന്നതിനൊപ്പം കാര്ഷികാധിഷ്ഠിത സംരംഭങ്ങള് പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത കോവിഡ് കാലം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക കാര്ഷിക വിളകള് കേന്ദ്രീകരിച്ചുള്ള മൂല്യവര്ദ്ധന, അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്ക്ക് അവസരം നല്കുന്ന മെഗാഫുഡ് പാര്ക്ക് ഈ മേഖലയില് കുതിച്ചു ചാട്ടത്തിന് വഴിവെയ്ക്കും. സുഗന്ധ വ്യഞ്ജനങ്ങള് മുതല് സുലഭമായ ഫലങ്ങള് നാളികേരം അടക്കമുള്ളവ മൂല്യ വര്ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതോടെ ഭക്ഷ്യോത്പന്ന കയറ്റുമതി രംഗത്തും സംസ്ഥാനത്തിന് കൂടുതല് പ്രാധാന്യം ലഭിക്കും. വ്യാവസായിക വികസനത്തിനൊപ്പം കര്ഷകര്ക്ക് നല്ല വരുമാനവും തൊഴിലും ഉറപ്പാക്കുന്നു എന്നതാണ് ഫുഡ് പാര്ക്കിന്റെ പ്രാധാന്യം.
38.81 കോടി കേന്ദ്ര സഹായത്തോടെ 102.13 കോടി രൂപ ചെലവിലാണ് വ്യവസായവകുപ്പ് പദ്ധതി പൂര്ത്തീകരിച്ചത്. എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലായി 79.42 ഏക്കറിലാണ് പാര്ക്ക്.ശീതീകരണത്തിനും പഴുപ്പിക്കാനുമുള്ള സംവിധാനങ്ങള്, ഗോഡൗണ്, പാക്കിംഗ് കേന്ദ്രം, സുഗന്ധദ്രവ്യങ്ങളുടെ സംസ്കരണ കേന്ദ്രം, ഗുണനിലവാര നിയന്ത്രണ ലബോറട്ടറി എന്നിങ്ങനെ എല്ലാ സൗകര്യവും ഒരു കുടക്കീഴില് ലഭ്യമാണ്. റോഡ്, ജല – വൈദ്യുതി വിതരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും തയ്യാറാണ്.
പ്ലോട്ടുകള് 30 വര്ഷത്തെ പാട്ടവ്യവസ്ഥയില് സംരംഭകര്ക്ക് നല്കും. 10 വര്ഷത്തേക്ക് ഫാക്ടറി കെട്ടിടങ്ങളും നല്കും. 30 യൂണിറ്റുകള്ക്ക് ഭൂമി ഇതിനോടകം അനുവദിച്ചു. വയനാട് കല്പ്പറ്റ, മലപ്പുറം കാക്കഞ്ചേരി, തൃശൂര് കൊരട്ടി, എറണാകുളം മഴുവന്നൂര് എന്നിവിടങ്ങളിലെ കിന്ഫ്ര പാര്ക്കുകളിലായി നാല് പ്രാഥമിക ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഴുപ്പിക്കാനുള്ള സംവിധാനവും , പാക്കിംഗ് കേന്ദ്രങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്.