പാലക്കാട്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഫിഷറീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമായ റസാഖ് മൗലവി സഞ്ചരിച്ചിരുന്ന കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുതുപ്പരിയാരം സമീപത്താണ് അപകടം ഉണ്ടായത്.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ഇന്നോവ ഹൈക്രോസ് കാറും എതിർദിശയിൽ എത്തിയ ആംബുലൻസും തമ്മിലായിരുന്നു കൂട്ടിയിടി. അപകടത്തിൽ റസാഖ് മൗലവിക്കും വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും വശങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും ഉണ്ടായി.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









