വടക്കഞ്ചേരി: പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് അനധികൃതമായി സ്പർശിച്ചെന്ന പരാതിയിൽ മുൻ കായികാധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി (28) യെയാണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുൻപാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശിശുസംരക്ഷണ സമിതി സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക കൗൺസലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. നഗരത്തിലെ ഒരു സ്കൂളിൽ ഏകദേശം ഒരു വർഷത്തോളം താത്കാലിക കായികാധ്യാപകനായി പ്രവർത്തിച്ചിരുന്ന സമയത്താണ് ഇയാൾ കുട്ടികളെ ഗ്രൗണ്ടിലേക്ക് അയയ്ക്കുന്ന വേളയിൽ അനധികൃതമായി സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തതെന്ന് പെൺകുട്ടിയുടെ മൊഴി.
ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെ ഇയാൾ സ്കൂളിൽ നിന്ന് മാറിയതായും തുടർന്ന് മറ്റ് സ്കൂളുകളിൽ ജോലി ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










