പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം സ്വദേശി ഹക്കീമിനും (47) രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ സഫ ഫാത്തിമക്കുമാണ് അപകടത്തിൽ പരുക്കേറ്റത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്കീമിന്റെ സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. പന്നിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.
അപകടം കണ്ട ഉടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. വന്യജീവികൾ റോഡിലേക്കിറങ്ങുന്നത് ഈ പ്രദേശത്ത് പതിവാണെന്നും, രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









