പാലക്കാട്:എലപ്പുള്ളി പോക്കാംതോട്ടിലെ വീട് കുത്തിത്തുറന്ന് മോഷണം. 23 പവൻ സ്വർണവും 10,000 രൂപയും ഒരു ഡയമണ്ട് മോതിരവുമാണ് മോഷണംപോയത്. പോക്കാംതോട് ബസ് സ്റ്റോപ്പിനുസമീപം താമസിക്കുന്ന വിജയ്‌ശങ്കറിൻ്റെ വീട്ടിലാണ് മോഷണംനടന്നത്.
വിജയ്ശങ്കർ കുടുംബത്തോടൊപ്പം ചൊവ്വാഴ്ച രാത്രിയോടെ ഗുരുവായൂരിലേക്ക് പോയിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാത്തതുമൂലം പിന്നിലേക്ക് എത്തിയപ്പോഴാണ് വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന്, അകത്തുകയറി നോക്കിയപ്പോഴാണ് സ്വർണവും പണവും നഷ്‌ടപ്പെട്ടവിവരം അറിയുന്നത്.
സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും രാത്രിയിൽ ഇടിമിന്നൽ ഉണ്ടായിരുന്നതിനാൽ വീട്ടുകാർ അത് ഓഫാക്കിയിരുന്നു. ജങ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കസബപോലീസ് എസ്ഐ എച്ച്. ഹർഷാദ് പറഞ്ഞു. കസബപോലീസിൻ്റെയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.









