വാർഡിൽ ഭാര്യ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്ന് കോൺഗ്രസ് കൗൺസിലർ മൺസൂർ മണലാഞ്ചേരി
പാലക്കാട് ∙ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സിപിഎം പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസിനെതിരെ മത്സര രംഗത്ത്.
38ാം വാർഡ് തിരുനെല്ലായി വെസ്റ്റിൽ സഫിയ സിപിഎം പിന്തുണയോടെ വ്യാപാരി സംഘടന ‘താങ്ങും തണലും’ സ്ഥാനാർഥിയായി മത്സരിക്കും. ഈ നീക്കം മുന്നിൽ കണ്ട് സിപിഎം ഇന്നലെ വരെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
ദീർഘകാലം കൗൺസിലറായിരുന്ന എ.ചെമ്പകമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. ഈ സീറ്റിൽ തന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് മൻസൂർ മണലാഞ്ചേരി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതു തള്ളിയതോടെ ഡിസിസി പ്രസിഡന്റിനെ അടക്കം പരോക്ഷമായി വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു.
തൊട്ടുപിന്നാലെയാണ് ഭാര്യയെ ‘താങ്ങും തണലും’ സംഘടനയുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മൻസൂറിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘടനയാണു താങ്ങും തണലും. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറികൂടിയാണു മൻസൂർ മണലാഞ്ചേരി.









