തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത്, യഥാര്‍ത്ഥ ഇന്ത്യാചരിത്രത്തെ സംരക്ഷിച്ചേ മതിയാവൂ….
അസീസ് മാസ്റ്റര്‍
ചീഫ് എഡിറ്റര്‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ നിസ്തുല സംഭാവനകള്‍ നല്കിയ അനേകം മഹത്തുക്കളില്‍, അവരുടെ ത്യാഗോജ്ജലമാര്‍ന്ന ജീവിതങ്ങളെക്കുറിച്ച് ശരിയായ അറിവും ബോധവും ജാഗ്രതയും പുലര്‍ത്തേണ്ട സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. ഏകദേശം 200ലധികം വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ച വെള്ളക്കാര്‍ പോലും ചെയ്യാത്ത വിധത്തിലാണ്, ദേശീയ സമരങ്ങളില്‍ ഒരു സംഭാവനയും ചെയ്യാതെ, ബ്രിട്ടീഷ് പാദസേവ ചെയ്തവരുടെ പിന്‍ഗാമികളായ സംഘപരിവാര്‍ ശക്തികള്‍ നൂറാം വാര്‍ഷിക വേളയിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ യാഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് ഇന്ത്യന്‍ ദേശീയതയുടെ ചെങ്കോലും കിരീടവും സ്വന്തമാക്കുന്നത്.
തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രവും അവരുടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ് നമ്മുടെ കുട്ടികളുടെ പാഠപുസ്തകത്തിനകത്ത് വ്യാജ ചരിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപകാല തീരുമാനങ്ങള്‍ എന്ന് പരക്കെ ആക്ഷേപം ഉന്നയിക്കപ്പെടുകയാണ്. അപ്പോഴും അതൊന്നും മുഖവിലക്കെടുക്കാതെ, അപരമത വിദ്വേഷത്തിന്റെയും മനുസ്മൃതി ശാസ്ത്രത്തിന്റെയും മറ്റും പേരില്‍ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് ഉത്പാദിപ്പിക്കുന്ന നുണ ബോംബ് ഫാക്ടറിയായി ഓരോ സംഘപരിവാരനും ശക്തിപ്രാപിച്ച് വരികയാണെന്ന സത്യം ലോകം മനസ്സിലാക്കി തുടങ്ങി. എങ്കിലും യാതൊരു ലജ്ജയുമില്ലാതെ അവിശ്രമം അവര്‍ ചരിത്രസത്യത്തിന് മുകളില്‍ നുണകള്‍ ചവച്ചരക്കി സത്യത്തിന് മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയാണ്.
ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പിനിരയായും ബാങ്കുകളുടെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍ വഴിയും കോടികള്‍ നഷ്ടപ്പെടുന്നവരില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അങ്ങനെ രാജ്യത്ത് 3000 കോടി രൂപയുടെ സൈബര്‍ തട്ടിപ്പാണ് നടന്നത് എന്നതും ആശ്ചര്യപ്പെടുത്തുംവിധത്തില് തന്നെയാണ്, രാജ്യത്തെ ജനാധിപത്യത്തിനും ബഹുസ്വരതക്കും കടുത്ത ഭീഷണിയുയര്‍ത്തുന്ന വ്യാജ ചരിത്ര നിര്‍മ്മിതികള്‍ നടന്നു കൊണ്ടിരിക്കുന്നത്.
മതസഹിഷ്ണുതയും മതനിരപേക്ഷതയും വേരുന്നീയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏടുകളാണ്, ഭരണവും കര ുത്തും പണവും കാട്ടി തങ്ങളുടെ ഇച്ഛകള്‍ക്ക് വിധേയമാക്കണമെന്ന ഉപാധികളോടെ, കുട്ടികളുടെ പാഠഭാഗങ്ങളില്‍ നിന്നും മുഗളന്മാരെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകന്മാരായ മുസ്ലിം നാമധാരികളെയും ഒഴിവാക്കി, ഞങ്ങളാണ്, അതായത് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാന നായകരാണ് യഥാര്‍ത്ഥ ദേശീയവാദികളും സമരസേനാനികളും എന്ന വസ്തുതപരമായി തെറ്റായതും തെളിവില്ലാത്ത കഥകളും കൂട്ടിച്ചേര്‍ത്തതുമായ വ്യാജ ചരിത്ര നിര്‍മ്മിതികള്‍ക്കായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിലൂടെ സംഭവിക്കുന്നതെന്ന യാഥാര്ത്ഥ്യബോധത്തോടെയാവണം നാം ചരിത്രസത്യങ്ങളെ തേടിപ്പിടിച്ച്, വരുംതലമുറയെ അന്ധകാരത്തില്‍ നിന്നും വര്‍ഗീയ ചിന്തകളില്‍ നിന്നും മോചിപ്പിക്കേണ്ട ആവശ്യകത ഇനിയും നാം ഗൗരവത്തിലെടുത്തില്ലെങ്കില്‍, നമുക്ക് നഷ്ടപ്പെടുക ചരിത്രസ്വത്വമാണെന്ന ധാരണ എല്ലാവരിലും ഉണ്ടാവണമെന്നാണ് ഒരു വിദ്യാഭ്യാസ-സാംസ്കാരിക-മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്ത്തകന് എന്ന നിലക്ക് എനിക്ക് ഈയവസരത്തില്‍ ഓര്‍മ്മപ്പെടുത്താനുള്ളത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച വിവാദ പരാമര്‍ശം ശ്രദ്ധിച്ചു നോക്കൂ, 1875ല്‍ ബംഗാളി നോവലിസ്റ്റായ ബങ്കിംചന്ത്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തില്‍ നിന്നും ദേശീയഗീതമായി സ്വീകരിക്കാന്‍ 1950 ജനുവരി 24ന് ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സമിതിക്ക് വേണ്ടി, മഹാകവി ടാഗോര്‍ തന്നെ തെരഞ്ഞെടുത്ത ആദ്യ രണ്ടു ഖണ്ഡങ്ങളെക്കുറിച്ച് ദേശഭക്തിഗാനമായ വന്ദേമാതരത്തിന്റെ 150ാം വാര്‍ഷിക വേളയില്‍, ”വന്ദേമാതരത്തിലെ ആത്മാവിന്റെ ഭാഗമായ സുപ്രധാന വരിയായ ദുര്‍ഗാദേവിയെ സ്തുതിക്കുന്ന ഭാഗം 1937ല്‍ നീക്കം ചെയ്തു”വെന്ന പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മതപ്രീണനക്കാരനായി മുദ്രകുത്താനാണ് ശ്രമിച്ചതെ്. ഇത്തരത്തിലാണ് ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി തീര്‍ക്കുന്നതെന്നത് പകല്‍പോലെ വ്യക്തമാണ്.
യഥാര്‍ത്ഥത്തില്‍, മതപ്രീണനത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിലെ പ്രബലരായ ചില പ്രത്യേക സമുദായക്കാരെ വോട്ടവകാശത്തില്‍ നിന്നും ദേശീയ താത്പര്യത്തിനായി ജീവനും സ്വത്തും സമര്‍പ്പിച്ച ധീരരക്തസാക്ഷികളെ ചരിത്രത്തില്‍ നിന്നും മറച്ചുവെക്കാനും ശ്രമിക്കുന്ന സംഘപരിവാര്‍ അല്ലെ യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പക്കലിന്റെ മനോനിലയുമായി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്.
പൊലീസും പട്ടാളവും രാജ്യത്തെ പൗരന്റെ മത-ജാതി-വര്‍ണ-മറ്റു വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവര്ക്കും വേണ്ടിയുള്ള സംവിധാനം ആണെന്നിരിക്കെ, പൊലീസ് പരിശീലന ക്യാംപില്‍ ഭഗവദ് ഗീത പഠിപ്പിക്കണമെന്ന് പറയുമ്പോള്‍, മറുഭാഗത്ത് പ്രാര്‍ത്ഥനാ സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിമായ 20 വയസുകാരനെ തൂണില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ലക്നൗ ബദൗല് ജില്ലയില്‍ നിന്നുള്ള വാര്‍ത്തയും നാം നിരീക്ഷിക്കുമ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ രാജ്യസ്നേഹവും ജനാധിപത്യസംരക്ഷകരും എന്ന് ലോകം മനസ്സിലാക്കുന്നുണ്ട്.
പൗരത്വഭേദഗതിയും സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവും വോട്ടുകട്ടെടുക്കലും തുടങ്ങി അനവധി നിരവധി സംഭവങ്ങളാണ്, കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന പറയാതെ വയ്യ. ചരിത്രത്തെ അതിന്റെ ഗരിമയോടെ സംരക്ഷിക്കുന്ന വരുംതലമുറയ്ക്കായി നമുക്ക് സത്യാന്വേഷണം തുടരാം.
ചരിത്രത്തെ ഇത്രമേല്‍ അപനിര്‍മ്മിക്കപ്പെടുന്ന ഒരു കാലത്ത്, ഏറ്റവും വിശുദ്ധമായ ചരിത്രസാക്ഷ്യങ്ങളെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ നിന്നു പോലും ഒഴിവാക്കി, വാട്ട്സാപ്പ് യൂണിവേഴ്സിറ്റി ചരിത്രങ്ങള്‍ ആണ് യഥാര്‍ത്ഥ ചരിത്രം എന്ന് വിശ്വസിക്കപ്പെടുന്നവരെ തിരുത്തിക്കാന്‍ ഉതകുന്നവിധം ചരിത്ര വസ്തുതകള്‍ ജ്വലിച്ചു നില്ക്കാന് ചരിത്രബോധമുള്ള തലമുറകളുടെ സംഭാവനകള്‍ ഈ രാജ്യത്ത് കൂടിയേ തീരൂ. എല്ലാ വായനക്കാര്‍ക്കും ചരിത്രബോധമുള്ള നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.










