ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലങ്കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പല്ലശ്ശന കൊല്ലംപൊറ്റയിൽ ബാലന്റെയും കുമാരിയുടെയും മകൻ അഭിലാഷ് (33) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ശ്രീരഞ്ജിക്കു പരുക്കുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ പുതുനഗരം – കൊല്ലങ്കോട് റോഡിൽ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടം.
കോയമ്പത്തൂരിൽ സ്വന്തമായി വർക്ഷോപ് നടത്തുന്ന അഭിലാഷും വർക്ഷോപ്പിലെ സഹായി പല്ലശ്ശന സ്വദേശിയായ ശ്രീരഞ്ജിയും കോയമ്പത്തൂരിൽ നിന്ന് പല്ലശ്ശനയിലെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ എതിർ ദിശയിൽ നിന്നു വന്ന ജീപ്പുമായി ഇടിച്ചാണ് അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിലാഷ് മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.









