പാലക്കാട് : മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. മരിച്ച മൂന്നുപേരും സഹോദരങ്ങളാണ്. ഭീമനാട് സ്വദേശിനികളായ റംഷീന (23), നാഷിദ(26), റിൻഷി(18) എന്നിവരാണ് മരിച്ചത്.
റംഷീനയും നാഷിദയും ഓണാവധിയായതിനാല്‍ വീട്ടില്‍ എത്തിയതാണ്. ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ മൂന്നുപേരും കുളത്തില്‍ അകപ്പെട്ടു എന്നാണ് കരുതുന്നത്.
സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളിയെയാണ് ആദ്യം കണ്ടത്. ഇയാൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തിൽ നിന്ന് കരയ്ക്കെത്തിച്ചത്. ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും എത്തുംമുമ്പ് മൂവരെയും കരയ്ക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ചത്. മൃതദേഹം മദർ കെയർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.