പാലക്കാട് : പ്രദേശത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് സഹായവും നിയന്ത്രണവും ഏർപ്പെടുത്താൻ പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്റർ തുടങ്ങി. കഴിഞ്ഞ ദിവസം (ഞായർ) മുതൽ ഇവിടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൈകിട്ട് 5.30ന് ശേഷം ആളുകളെ പ്രവേശിപ്പിക്കില്ല. നേരത്തെ ഇവിടെയെത്തിയവർ രാത്രി എട്ടുമണിക്കകം ഇവിടെ നിന്ന് മടങ്ങാൻ നിർദേശിച്ചിരുന്നു. വിനോദസഞ്ചാരികൾക്ക് സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ റൂട്ട് മാപ്പും എത്തിച്ചേരുമ്പോൾ ഇൻഫർമേഷൻ സെന്ററിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങളും നൽകും. ചിങ്ങംചിറ ജങ്ഷനിലാണ് ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചത്.
പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എക്സൈസ്, കൊല്ലങ്കോട് പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് ഇൻഫർമേഷൻ സെന്റർ തയ്യാറാക്കിയിരിക്കുന്നത്. ഫയർ റെസ്‌ക്യൂ ഫോഴ്‌സിലെയും പോലീസിലെയും സിവിൽ ഡിഫൻസ് അംഗങ്ങൾ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടാകും. രാവിലെ എട്ട് മുതൽ രാത്രി വരെ എട്ട് കേന്ദ്രങ്ങളിൽ പോലീസിന്റെ സാന്നിധ്യമുണ്ടാകും. വെള്ളരിമേട്, താമരപ്പാടം, സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടം, ചിങ്ങൻചിറ ക്ഷേത്രം, ചുള്ളിയാര്‍ ഡാം, ശുക്രിയാല്‍ വെള്ളച്ചാട്ടം, മീങ്കര ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യമുണ്ടാവും.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ഗ്രാമമായി തിരഞ്ഞടുക്കപ്പെട്ടതോടെ ഈ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ഓണാവധി കണക്കിലെടുത്ത് അടുത്ത മാസം അഞ്ചാം തീയതി വരെ നിയന്ത്രണങ്ങളുണ്ടാകും.