പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം: ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ-മന്ത്രി എം.ബി രാജേഷ്
പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നീന്തല്‍ കുളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുങ്ങുക. കിഫ്ബി വഴി 14.55 കോടി രൂപ ലഭ്യമാക്കിയാണ് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മന്ത്രി എം.ബി രാജേഷ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതിക്ക് കിഫ്ബി വഴി 14.55 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തിക അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതിയും ലഭിച്ചു. പാലക്കാടുകാരുടെ ദീര്‍ഘകാലത്തെ ഒരു കാത്തിരിപ്പിന് കൂടി സര്‍ക്കാര്‍ പരിഹാരം കാണുകയാണെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് സ്പീക്കര്‍ ആയിരുന്ന ഘട്ടം മുതലേ ശക്തമായി ഇടപെട്ടിരുന്നു. പാലക്കാടിന്റെ കായിക കുതിപ്പിന് പുത്തന്‍ ഊര്‍ജമേകുന്നതാകും ഈ സ്റ്റേഡിയമെന്നും മന്ത്രി പറഞ്ഞു.