ഡെങ്കിപ്പനി- ഉറവിട നശീകരണവും ഡ്രൈഡേയും ശീലമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വീടിന്റെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കുകയും ഡ്രൈ ഡേ ശീലമാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഡെങ്കിപ്പനി ശ്രദ്ധിക്കാം
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. സ്വതവേ മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവയും കൈകളിലും കാലുകളിലും വെള്ളിനിറം കലര്‍ന്ന പാടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇത്തിരിക്കുഞ്ഞന്‍ കൊതുകുകളാണിവ. 100 മുതല്‍ 200 മീറ്റര്‍ ദൂരം മാത്രം പറക്കാന്‍ കഴിവുള്ള ഈ കൊതുകുകള്‍ സാധാരണയായി രാവിലെ ആറിനും ഒന്‍പതിനും ഇടയിലും വൈകിട്ട് നാലിനും 6.30നും ഇടയിലും കടിക്കുന്നു. എന്നാല്‍ ഈ സമയം മാത്രമേ ഈ കൊതുകുകള്‍ കടിക്കൂ എന്നില്ല. ചെടികളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും ഇരുട്ടും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളിലും വിശ്രമിക്കാനാണ് ഇവക്കിഷ്ടം. സാധാരണയായി വസ്ത്രാവരണമില്ലാത്ത കൈമുട്ടിനും കാല്‍മുട്ടിനും താഴെ കടിക്കുന്നു. വസ്ത്രാവരണമില്ലാത്ത ശരീരഭാഗങ്ങളില്‍ കൊതുകുകളെ അകറ്റുന്ന ലേപനങ്ങളോ വേപ്പെണ്ണയോ പുരട്ടുന്നത് ഫലപ്രദമാണ്.
ഒന്നില്‍ കൂടുതല്‍ ആളുകളില്‍ നിന്നും ആവശ്യമായ രക്തം കുടിക്കുന്നതിനാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാനും കാരണമാകുന്നു. രോഗാണുക്കളുള്ള മനുഷ്യന്റെ രക്തം കുടിച്ചു കഴിഞ്ഞ മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ മറ്റൊരാളിനു രോഗം പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ വൈറസുകള്‍ കൊതുകിന്റെ ശരീരത്തില്‍ പെരുകുന്നു (Extrinsic Incubation period) ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. നേരിട്ട് വെള്ളത്തിലേക്ക് മുട്ട ഇടാറില്ല. പാത്രങ്ങളില്‍ ഒട്ടിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളമില്ലാത്ത പാത്രങ്ങളില്‍ ഇടുന്ന മുട്ടകള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കുകയും വെള്ളം കിട്ടുന്ന അവസരത്തില്‍ വിരിഞ്ഞു കൂത്താടിയാകുകയും ചെയ്യുന്നു. മുട്ടകള്‍ വിരിഞ്ഞത് കൂത്താടിയായി കൊതുകുകളിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിന് ഏഴ് മുതല്‍ എട്ട് ദിവസമാണ് വേണ്ടത്.
കൊതുകിന്റെ ശരീരത്തിലുള്ള വൈറസുകള്‍ മുട്ടകളിലൂടെ അടുത്ത തലമുറയിലെ കൊതുകുകളിലേക്ക് എത്തിച്ചേരുന്നതിനാല്‍ വെള്ളമില്ലാത്ത പാത്രങ്ങള്‍ ഉറവിട നശീകരണ പ്രവര്‍ത്തനസമയത്തു വെള്ളം കെട്ടാത്ത രീതിയില്‍ സൂക്ഷിക്കുകയോ ആഴ്ച്ചയിലൊരിക്കല്‍ ഉരച്ചു കഴുകി വൃത്തിയാക്കുകയോ ഉപയോഗയോഗ്യമല്ലാത്തവ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.
മുന്‍കരുതലുകള്‍
*ചിരട്ടകളും കരിക്കിന്‍ തൊണ്ടുകളും മഴവെള്ളം സംഭരിക്കാന്‍ ഇടയില്ലാത്ത വിധത്തില്‍ കമഴ്ത്തിവയ്ക്കുകയോ മേല്‍ക്കൂരയ്ക്കു കീഴില്‍ സൂക്ഷിക്കുകയോ ചെയ്യണം
*പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ക്രിയാത്മകമായി വേര്‍തിരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കണം
*മണിപ്ലാന്റ് ഉള്‍പ്പെടെ വീട്ടിനകത്ത് വളര്‍ത്തുന്ന അലങ്കാര സസ്യങ്ങള്‍ വെള്ളത്തില്‍ വയ്ക്കാതെ മണ്ണില്‍ നടണം
*ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുകയോ അത്തരം ചിരട്ടകള്‍ക്കു മുകളില്‍ റെയിന്‍ ഗാര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണം
*ഫ്രിഡ്ജിനു പിറകിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കണം
*കൊതുകുകളുടെ ഉറവിടം ഉണ്ടാകാനിടയുള്ള ജലസംഭരണികള്‍, പാത്രങ്ങള്‍, കുളിമുറികളിലെ സിമന്റ് തൊട്ടികള്‍ പോലുള്ളവ ആഴ്ചയിലൊരിക്കല്‍ തേച്ചുകഴുകി വൃത്തിയാക്കണം
*കൊതുകുകളെ പ്രതിരോധിക്കുന്ന വ്യക്തിഗത മാര്‍ഗ്ഗങ്ങളായ കൊതുകുതിരികള്‍, മൊസ്‌കിറ്റോ റപ്പല്ലന്റുകള്‍, കൊതുകുവലകള്‍, കൊതുകുകളെ അകറ്റുന്ന ലേപനങ്ങള്‍ (പുല്‍ത്തൈലം, യൂക്കാലി തൈലം, വേപ്പെണ്ണ, ഒഡോമസ്) എന്നിവ ഉപയോഗിക്കാം
*കൊതുകുകടി ഏല്‍ക്കാത്ത രീതിയില്‍ ശരീരം മൂടുന്നതും (മുഴുകൈയ്യന്‍ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, പാന്റുകള്‍ എന്നിവ) ഇളം നിറത്തിലുമുള്ള വസ്ത്രങ്ങള്‍ (വെള്ള) ധരിക്കുന്നതും നല്ലതാണ്.
*കൊതുകിന്റെ വിശ്രമ സ്ഥലങ്ങളായ കുറ്റിച്ചെടികള്‍, ചെടികള്‍ എന്നിവക്കിടയിലേക്ക് കൊതുകുകള്‍ കടിക്കുന്ന സമയത്ത് കഴിയുന്നതും പോകാതിരിക്കുക
*എല്ലാ ഞായറാഴ്ചകളിലും പാത്രങ്ങള്‍, ടെറസ്, സണ്‍ഷെഡ് തുടങ്ങിയവിടങ്ങളിലൊന്നും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക (ഡ്രൈ ഡേ ആചരണം)
*സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു രോഗങ്ങളില്‍ നിന്നും രക്ഷ നേടുക