മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നൽകി
പാലക്കാട്: മണ്ണാർക്കാട് – അട്ടപ്പാടി ചുരം പാതയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകളും സർവീസുകളും അനുവദിക്കണമെന്നും നിലവിലുള്ള ബസുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയും ആർ.ജി.എം കോളേജ് യൂണിറ്റും ചേർന്ന് സബ് ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജിന് നിവേദനം നൽകി. ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് റൂട്ടിൽ കെ.എസ്.ആർ.ടി.സി കൺസെഷൻ ഉണ്ട്. ഇതിന് പുറമെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, പ്രദേശവാസികൾ, കോട്ടത്തറ ഹോസ്പിറ്റലിലേക്കുള്ള രോഗികൾ അടക്കം ദിനേന ആയിരങ്ങളാണ് റൂട്ടിൽ കെ.എസ്.ആർ.ടി.സിയെ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. എന്നാൽ, റൂട്ടിൽ വെറും 6 ബസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥികളെയടക്കം കുത്തിനിറച്ചാണ് ഈ ബസുകൾ ചുരം പാതയിലൂടെ സാഹസിക യാത്ര നടത്തുന്നത്. ഇത് മൂലം അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരമാണ്. വ്യാഴാഴ്ച (ഇന്ന്) രാവിലെ മണ്ണാർക്കാട് നിന്നും ആനക്കട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിലെ രണ്ട് ഭാഗത്തെയും ടയറുകൾ ഊരിത്തെറിച്ച് പോയിരുന്നു. വൻ അപകടം തലനാരിഴക്കാണ് ഒഴിവായത്.
15 ലക്ഷം കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തിയ ബസുകൾ ഓടരുതെന്ന് നിയമമുണ്ടെന്നിരിക്കെ റൂട്ടിൽ ഇത്തരം പഴഞ്ചൻ കെ.എസ്.ആർ.ടി.സികളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആദിവാസി വിഭാഗങ്ങളടക്കം ഏറെ ആശ്രയിക്കുന്ന ഈ പാതയോട് അധികൃതർ പുലർത്തുന്ന വിവേചനത്തിന്റെ തെളിവാണ് ഇത്. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനും മതിയായ പുതിയ ബസുകളും സർവീസുകളും അനുവദിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Photo: മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്നും നിലവിലെ ബസുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ മണ്ണാർക്കാട് സബ് ഡിപ്പോ അധികൃതർക്ക് നിവേദനം നൽകുന്നു
Photo: വ്യാഴാഴ്ച രാവിലെ ചുരം പാതയിൽ നക്കുപതിയിൽ ടയറുകൾ ഊരിപ്പോയ കെ.എസ്.ആർ.ടി.സി ബസ്