രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിനെയും മലയോരജനങ്ങളെയും ഒരുപോലെ ആശങ്കയിലും അവ്യക്തതയിലുമെത്തിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. വയനാട്ടിലെ കല്പറ്റയില് രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് ബഫര്‍സോണ്‍ വിഷയം സജീവ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പോലും അപാകതയുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പോലും പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന് പോലും ഈ വിഷയത്തില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി സംശയങ്ങളുയരുമ്പോഴും വനംമന്ത്രി എ കെ ശശീന്ദ്രന് പോലും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ അഥവാ പരിസ്ഥിതി സചേതന മേഖല എങ്ങനെയായിരിക്കണമെന്നും നിയന്ത്രണങ്ങളുടെ സ്വഭാവം ഉള്‍പ്പെടുന്ന മാര്‍ഗരേഖ തയ്യാറാക്കിയത് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2003ല്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഉന്നതധികാര സമിതി(സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി)യായിരുന്നു. ഇതുസംബന്ധിച്ച് വിശദമായ വിജ്ഞാപനവും പുറത്തിറങ്ങി.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ വരുന്ന നിര്‍മ്മിതികളുടെയും ഖനികളുടെയും ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2011 മുതല്‍ ഇക്കാലയളവ് വരെ യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാറുകള്‍ ഇത് സംബന്ധിച്ച് കണക്കെടുപ്പുപോലും നടത്തിയില്ലയെന്നതാണ് വാസ്തവം. ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ വെയ്ക്കാതെ അപ്രായോഗികവും അസാധ്യവുമായ കാര്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ ബഫര്‍സോണേ വേണ്ടെന്ന കേരളത്തിന്റെ നിലപാട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഒരു തരത്തിലും പരിഗണിക്കാന്‍ സാധ്യതയും കാണുന്നില്ല. വനത്തിന് ചുറ്റും എല്ലായിടത്തും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വരുന്നത് കേരളം പോലുള്ള ജനസാന്ദ്രതയേറെയുള്ള സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന വിലയിരുത്തല്‍ വളരെ ശരിയാണ്. സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫര്‍ സോണെന്ന ബെല്റ്റേരിയയില് നിന്ന് ജനവാസമേഖലകളെയും കൃഷിയെയും തോട്ടങ്ങളെയും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തിലുള്ളത്. 2022 ജൂണ്‍ മൂന്നിന് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തൊട്ടുപിന്നാലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വന്നതോടെ സമരങ്ങളുടെ വേലിയേറ്റമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഈ രണ്ട് റിപ്പോര്‍ട്ടുകളെയും മറികടക്കാന്‍ 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സൈ്വര്യജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണെന്ന് പിണറായി സര്‍ക്കാറിനുള്ളത്. എന്നാല്‍ ബഫര്‍സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെപ്പറ്റി കര്‍ഷകരും ജനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍, അബദ്ധജടിലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥര്ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികളെങ്കിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാവേണ്ടിയിരിക്കുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് കോടതി നടപടികളുമായി മുന്നോട്ടുപോകുന്ന അവസരത്തില്‍ കേരളത്തിന്റെ വാദങ്ങള്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറയുന്നതല്ലാതെ, ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരം സര്‍ക്കാറിനും ഉദ്യോഗസ്ഥന്മാര്ക്കും സി പി എമ്മിനും മുന്നോട്ടുവെക്കാനുമാകുന്നില്ല. സര്‍വേ നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണ്‍ മൂന്നിന് സുപ്രീംകോതി നിര്‍ദേശിച്ചുവെങ്കിലും 10 ദിവസത്തിന് ശേഷമാണ് വനംവകുപ്പ് ആലോചന തന്നെ തുടങ്ങിയത് തന്നെ. ഭൂരേഖകള്‍ കൂടി പരിശോധിച്ച് അതിസൂക്ഷ്മമായി നടത്തേണ്ട സര്‍വേ സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് കെഎസ്ആര്ഇസിയെ ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് വനംവകുപ്പ് നല്‍കിയത് 50 ദിവസമാണ്. ആഗസ്ത് 29ന് കെഎസ്ആര്ഇസി മുഖ്യമന്ത്രി പിണറായി വിജയന് മുന്‍പാകെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം മുഖ്യമന്ത്രിക്ക് ബോധ്യമായതിനാലാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് ചെയര്‍മാനായുള്ള വിദഗ്ധ സമിതി രൂപീകരിച്ചത്. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസനത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചെങ്കിലും പ്രതിമാസം 1.15 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് ഒരു റിപ്പോര്‍ട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ആഗസ്ത് 29ന് കെഎസ്ആര്ഇസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിസംബര്‍ 12ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടിലാണ് പൂര്‍ണ്ണമല്ലെന്നും അപാകതകളുണ്ടെന്നും വകുപ്പ് മന്ത്രിയടക്കം സമ്മതിക്കുന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുന്നത്. 22 സംരക്ഷിതവന മേഖലകളില്‍ 14 എണ്ണത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ടു നടത്തിയ സര്‍വേയിലെ പിഴവുകള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താന്‍ വനംവകുപ്പും ശ്രമിച്ചില്ല. റിപ്പോര്ട്ടുകളിന്മേലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ കര്‍ഷകരും ജനങ്ങളും രംഗത്തെത്തിയ സ്ഥിതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ, പിണറായി സര്‍ക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ വ്യക്തത നേടാനായി സര്‍ക്കാറിന് മുന്നില്‍ ശക്തമായ വാദങ്ങളൊന്നുമില്ല എന്നതാണ് നേര്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്തിയും ബഫര്‍ സോണ്‍ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിച്ചും സര്‍ക്കാര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടാനുള്ളത്. ആശങ്കയില്ലാത്ത നല്ലൊരു നാളുകള്‍ എല്ലാവര്ക്കും നേരുന്നു. ശുഭസായാഹ്നം. ജയ്ഹിന്ദ്.