പാലക്കാട് പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവുട്ടിക്കൊന്നു
പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവുട്ടിക്കൊന്നു. ധോണി സ്വദേശി ശിവരാമൻ (60) ആണ് മരിച്ചത്. ധോണിയിൽ പുലർച്ചെ 5.20 ന് ആയിരുന്നു സംഭവം.
ശിവരാമൻ ഉൾപ്പെടെ ഒൻപത് അംഗ സുഹൃത്ത് സംഘമാണ് പുലർച്ചെ നടക്കാനിറങ്ങിയത്. ഇവർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മുൻപിൽ ഉണ്ടായിരുന്നവരെ വിരട്ടിയോടിച്ച ശേഷം ശിവരാമന് നേർക്ക് ആന വന്നു.
ഇതോടെ റോഡ് അരികിലെ പാടത്തേക്ക് ശിവരാമൻ ചാടി. റോഡിൽനിന്ന് ഒരാൾ താഴ്ചയോളമുള്ള പാടത്തേക്ക് ആനയും ചാടിയിറങ്ങി. ചേറിൽപുതഞ്ഞുപോയ ശിവരാമനെ ആന ചവുട്ടുകയും കുത്തുകയും ചെയ്തു. നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്.
മറ്റുള്ളവർ ഓടിയെത്തി ഒച്ചയിട്ടതോടെ ആന കാട്ടിലേക്ക് പിൻവാങ്ങി. ഉടനെ തന്നെ ശിവരാമനെ ഓട്ടോയിൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.