സൈലന്റ്വാലി വനത്തിനുള്ളിൽ നിന്നും കാണാതായ വാച്ചർ രാജന് വേണ്ടിയുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് പാലക്കാട് എസ്പി ആർ.വിശ്വനാഥ്. അന്വേഷണ സംഘം വിപുലീകരിക്കും. വാച്ചറുടെ ടോർച്ചും വസ്ത്രങ്ങളും കണ്ടുകിട്ടിയെങ്കിലും മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
രാജൻ വനത്തിനുള്ളിൽ ഇല്ലെന്ന് തന്നെയാണ് പോലീസ് വിശ്വാസമെന്ന് എസ്പി വ്യക്തമാക്കി. അന്വേഷണ പുരോഗതി വിലയിരുത്താൻ അട്ടപ്പാടിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് എസ്പി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേയ് മൂന്നിന് രാത്രിയിലാണ് വാച്ചർ രാജനെ കാണാതാകുന്നത്. പിന്നീട് വിവിധ വിഭാഗങ്ങൾ ചേർന്ന് വനത്തിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.