ഗുജറാത്ത് വികസനത്തില്‍ കേരളം പഠിക്കാനേറെയുണ്ട് എന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വന്‍കിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്ക് സാധ്യമാകുന്ന ഡാഷ് ബോര്‍ഡ് സംവിധാനത്തെ പറ്റി പഠിക്കാനാണ് ചീഫ് സെക്രട്ടറി വി പി ജോയ്, സ്റ്റാഫ് ഓഫിസര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ ഗുജറാത്തിലെത്തിയത്.
മുന്‍പ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സി പി എം നേതൃത്വം ചീഫ് സെക്രട്ടറിയുടെ യാത്രയില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. വെറുപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും തുടങ്ങിയ ക്രൂരതയുടെ പേരില്‍ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന് ഏറെ പഴികേട്ട ഗുജറാത്തില്‍ നിന്നും സാംസ്കാരികമായും രാഷ്ട്രീയപരമായും ആരോഗ്യപരമായും ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് എന്താണ് പുതുതായി പഠിക്കാനുള്ളത്, മാതൃകയുള്ളതെന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഏറെക്കാലം സി പി എം നേതാക്കന്മാരും പിണറായി മന്ത്രിസഭയും വിയര്‍ക്കേണ്ടി വരും. ഗുജറാത്ത് മോഡല്‍ എന്നത് വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ ചൂടുള്ള വിഷയമാണ്. ഷിബു ബേബി ജോണും എ പി അബ്ദുല്ലക്കുട്ടിയും ഗുജറാത്ത് വിഷയത്തില്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്നതാണ്.
സ്ഥലപരിമിതി കാരണം അന്നത്തെ സംഭവവും അവരുടെ ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടും ഇവിടെ വിശദീകരിക്കുന്നില്ല.
നയപരമായ, സാമൂഹ്യപരമായ, സാമ്പത്തികപരമായ, ആരോഗ്യപരമായ വിഷയങ്ങളില്‍ ഏറെയൊന്നും പിന്നോട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. കേരളത്തെ ആക്ഷേപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നപ്പോള്‍, കേരളം രാജ്യത്ത് ഏതെല്ലാം മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്ന് രാഷ്ട്രീയഭേദമന്യേ വിരല്ചൂണ്ടപ്പെട്ടതാണ്. എന്നിട്ടും, ആദ്യം തള്ളിപ്പറഞ്ഞ ഗുജറാത്ത് മാതൃക വികസനത്തില്‍ കേരളം ആകൃഷ്ടരായിരിക്കുന്നുവെന്നത്, കേരളത്തിന്റെ വളര്‍ച്ചയില്‍ പിണറായി സര്‍ക്കാര്‍ അമ്പേ പരാജയമാണെന്ന് അടിവരയിടുന്നതാണ്. നിതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമതായിട്ടും സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി തന്നെ ഗുജറാത്തിലെത്തി പഠനം നടത്തുമ്പോള്‍, കേരളം നമ്പര്‍ വണ്‍ എന്ന പിണറായി സര്‍ക്കാറിന്റെ ഭരണനേട്ട വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണോയെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുന്നില്ല. കംപ്യൂട്ടറിന്റെ കാര്യത്തിലായാലും ഗുജറാത്തിന്റെ കാര്യത്തിലായാലും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന ശൈലിയാണ് സി പി എം പുലര്‍ത്തുന്നതെന്ന് ആക്ഷേപിച്ചാലും തെറ്റല്ല.
എല്ലാം ശരിയാവും എന്ന് പറഞ്ഞ് ഭരണത്തിലെത്തി, ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ച സി പി എമ്മിലെ മുതിര്‍ന്ന നേതാവ് കൂടിയായ പിണറായി വിജയന് നയിക്കുന്ന മന്ത്രിസഭക്ക് കേരളത്തിന് വേണ്ടി ഒന്നും ചെയ്യാനുള്ള പ്രാപ്തിയില്ല എന്നതിന് രാഷ്ട്രീയ എതിരാളികള്‍ക്ക് മറ്റെന്ത് തെളിവാണ് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് വെക്കാനുള്ളത്. വികസനം പഠിക്കാന്‍ ഗുജറാത്തിലേക്ക പോകേണ്ട ഒരു ആവശ്യവും ഇല്ലെന്നും കേരള മാതൃക പഠിക്കാന്‍ തയ്യാറായാല്‍ മതിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുമ്പോള്‍, അദ്ദേഹം സ്വീകരിച്ച പല വികസന കാഴ്ചപ്പാടുകളും ശരിവെക്കുന്നു. സില്‍വര്‍ ലൈനിന്റെ പേരില്‍ ജനങ്ങളെ ഭീതിയിലും സംഘര്‍ഷത്തിലും തള്ളിവിടുന്ന വികസന കാഴ്ചപ്പാടുകള്‍, എത്ര വേഗത്തിലാക്കാം എന്നാണോ ഗുജറാത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പഠിക്കാനുള്ളതെന്ന ജനങ്ങളുടെ ഉള്ളിലെ സംശയം ഇവിടെ ഉന്നയിക്കാതിരിക്കാനാവില്ല. എതിര്‍ക്കുന്നവരെ തല്ലുമെന്ന് പറയുന്ന സി പി എം നേതൃത്വം വികസനത്തിന് ഗുജറാത്തിലേക്ക് പോകുന്നത്, പ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത് പോലെ, എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഗതികേടാണ്. അതേ സമയം ഗുജറാത്ത് മോഡല്‍ ശരിയാണെന്ന് പൊതുബോധത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് ലഭിച്ച ഏറ്റവും നല്ല തുറുപ്പുചീട്ടാണ്, ബി ജെ പിയുടെ കേരളത്തിലെ പ്രബല എതിര്ശക്തിയായ സി പി എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ ഗുജറാത്തിനെ മാതൃകയാക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ വിവാദം. ഉത്തരേന്ത്യയിലെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് വേരോട്ടം കുറഞ്ഞ കേരളത്തില്‍, ആഭ്യന്തരവകുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്, നരേന്ദ്രമോദിയെ നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാനുള്ള സാധ്യതയും അതിവിദൂരത്തല്ല. രാജ്യ പുരോഗതിയില്‍, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ശത്രുത നിലപാട് സ്വീകരിക്കണമെന്നല്ല, മുകളിലുദ്ധരിച്ച വാദങ്ങളിലൂടെ ആവശ്യപ്പെടുന്നത്.
സ്വന്തം കാലിലെ ചെളി കഴുകി കളയാന്‍ മാത്രം വെള്ളം ഉണ്ടായിരിക്കെ, ശരീരം മുഴുവന്‍ ചെളിയിലായ ആളുടെ വീട്ടിലെ കിണറിലെ വെള്ളത്തിന്റെ ഉറവയെ പറ്റി പഠിക്കാന്‍ പോകുന്ന തരത്തിലുള്ള അവിവേകത്തെയാണ് ഇവിടെ തുറന്ന് കാട്ടാന്‍ ശ്രമിക്കുന്നതെന്ന് മാത്രം. എല്ലാവര്ക്കും ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.