ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം
ജില്ലയിലുണ്ടായ സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗം
വിലയിരുത്തി. ഇത്തരത്തിൽ അക്രമം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും യോഗത്തിൽ കക്ഷി – രാഷ്ട്രീയ ഭേദമന്യേ തീരുമാനമായി. ജില്ലയിൽ നടന്ന രണ്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം -പോലീസ് -വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ക്രമസമാധാന ശ്രമം തുടരുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികൾ പ്രാദേശിക തലത്തിലുള്ള വിവരങ്ങൾ പോലീസിന് കൈമാറാൻ സന്നദ്ധരാവണം. പോലീസ് കൃത്യമായ ധാരണയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ എം.പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ ബാബു, പി.പി സുമോദ്, കെ.പ്രേംകുമാർ, കെ.ശാന്തകുമാരി പി.,മമ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, സബ് കലക്ടർ ഡി ധർമ്മലശ്രീ, എ.ഡി.എം കെ .മണികണ്ഠൻ, ഡെപ്യൂട്ടി കലക്ടർ എൽ.എ എൻ.കെ കൃപ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ഈ ആഴ്ച്ച
ജില്ലാ കലക്ടർ ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ഈ ആഴ്ച്ച എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് വേർതിരിവ് കാണിക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു
ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളും: ജില്ലാ പോലീസ് മേധാവി
ജില്ലയിലെ ക്രമസമാധാന നില നിർത്താൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ അറിയിച്ചു. കുറ്റകൃത്യത്തിൽ ഭാഗമായവരുടെയും ഗൂഢാലോചന നടത്തിയവർക്കും എതിരെ ശക്തമായ അന്വേഷണം ഉണ്ടാവും. ക്രൈംബ്രാഞ്ച്, നർക്കോട്ടിക് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും പട്രോളിങ് വാഹന പരിശോധന നടപ്പാക്കുന്നുണ്ട്. ജില്ലയിൽ 120 ഓളം പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊലപാതകം സാമുദായികമല്ലെന്നും ജില്ലയിൽ നടന്ന സംഭവം പോലീസ് ജാഗ്രതയോടെയാണ് നേരിടുന്നതെന്നും രണ്ട് കേസുകൾ സംബന്ധിച്ച കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അക്രമ സംഭവങ്ങളിൽ മുഖം നോക്കാതെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രങ്ങൾ മനസ്സിലാക്കി കർശന നടപടി എടുക്കണമെന്നും സർവ കക്ഷിയോഗത്തിൽ എം.പി വി.കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ. എ സർവ്വ കക്ഷിയോഗത്തിൽ അഭിപ്രായപ്പെട്ടു. കൊല്ലാനും കൊല്ലിക്കാനുമുള്ള കേന്ദ്രങ്ങൾ മനസ്സിലാക്കി അത് തടയേണ്ടതുണ്ടെന്ന് കെ ബാബു എം.എൽ.എ പറഞ്ഞു. ഇത്തരം അനിഷ്ടസംഭവങ്ങൾ എങ്ങനെ തടയണമെന്നും ഇത് തടയേണ്ടതുണ്ടെന്നും സി.പി.ഐ.എം. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളോട് അനുഭാവപൂർവ്വമായ നയം സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രതിനിധി അറിയിച്ചു. രാഷ്ട്രീയപാർട്ടികൾ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും രാഷ്ട്രീയപാർട്ടികൾ കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ലെന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സർവ്വ കക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്