വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ഒഡീഷയില്‍നിന്നെത്തിച്ച 82 കിലോഗ്രാം കഞ്ചാവ് പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍, ബസ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: ഒഡീഷയില്‍നിന്ന് പെരുമ്പാവൂരിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ നിന്നും 82 കിലോഗ്രാം കഞ്ചാവ് പിടികൂടി. വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാര്‍ട്ടിയും പാലക്കാട് എക്‌സൈസ് സ്‌പെഷ്യന്‍ സ്‌ക്വാഡ് പാര്‍ട്ടിയും പറളി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും തൃത്താല റേഞ്ച് ടാസ്‌ക്ക് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കെഎല്‍44 സി 801 നമ്പര്‍ പ്രജാപതി എന്ന് പേരുള്ള ബസ്സില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് ഒഡീഷയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുന്നതാണെന്നും പെരുമ്പാവൂരിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് നല്‍കാനാണെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.
ഡ്രൈവര്‍മാരായ എറണാകുളം ആലുവ ബിനീഷ് (39), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പ്രതീഷ് (40), ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാല്‍ (20), മൗമില ദിഗാല്‍ (31), സുജിത്ത്കുമാര്‍ (31) എന്നിവരെ അറസ്റ്റ് ചെയ്തു ബസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികളെ മേല്‍ നടപടികള്‍ക്കായി പാലകാട് റേഞ്ച് ഓഫിസില്‍ ഹാജരാക്കി. വാഹന പരിശോധനയില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ എം.രാകേഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ അജിത്ത്, സിജോ വര്‍ഗീസ്, എന്‍ നൗഫല്‍, പ്രിവന്റീവ് ഓഫിസര്‍മ്മാരായ ജയപ്രകാശന്‍ എ, സനില്‍ പി എന്‍, ജിഷു ജോസഫ്, ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മ്മരായ അഭിലാഷ് കെ, പ്രത്യൂഷ് ആര്‍, പ്രമോദ് എം, സ്റ്റാലിന്‍ സ്റ്റിഫന്‍ ,രജിത്ത്, അരവിന്ദാക്ഷന്‍, ജ്ഞാനകുമാര്‍ സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിസി, ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവര്‍ പങ്കാളികളായി.