ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്
പാലക്കാട്: ഒലവക്കോട് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലിസ്. കടുക്കാംകുന്നം സ്വദേശിയായ റഫീഖിനെയാണ് (27) ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നത്. പ്രതികളായ ഗുരുവായൂരപ്പന്‍, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിവൈഎസ്പി പി സി ഹരിദാസ് അറിയിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം ബാറില്‍ കയറി മദ്യപിച്ചിറങ്ങിയപ്പോള്‍ ബൈക്ക് കാണാതായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഒരാളെ തല്ലുന്നു, എല്ലാരും പോയപ്പോള്‍ അയാള്‍ വീണുകിടക്കുന്നു’ വെളിപ്പെടുത്തലുമായി ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരച്ചിലിനിടെ സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രം ധരിച്ച റഫീഖിനെ ഇവര്‍ കണ്ടു. തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദ്ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി. പോലിസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.