മാസപ്പിറവി ദൃശ്യമായി; റമദാന്‍ വ്രതാരംഭം നാളെ
പാലക്കാട് : മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാളയം ഇമാം വി പി ശുഹൈബ് മൗലവി,
കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി നജീബ് മൗലവി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ഡല്‍ഹിയിലും നാളെ വ്രതം ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ വ്രതം ഇന്ന് ആരംഭിച്ചിരുന്നു. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ഞായറാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചിട്ടുണ്ട്.