പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്. പാലക്കാട് -മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച വനിതയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്കറ്റടി ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഒരാഴ്ച മുമ്പും പാലക്കാട്- മലമ്പുഴ റൂട്ടിൽ പോക്കറ്റടി ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്ത് എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച 25,000 രൂപയുമായി ബസിൽ സഞ്ചരിച്ച യുവതിയുടെ പണം നഷ്ടമായിരുന്നു. ബാഗിന്റെ സിബ് തുറന്ന് അകത്ത് സൂക്ഷിച്ച പണമടങ്ങിയ പഴ്സും എ.ടി.എം കാർഡുമാണ് കവർന്നത്. ഈ മോഷണത്തിന് പിന്നിലും വനിതയാണെന്നാണ് സംശയിക്കുന്നത്. ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് മോഷണശ്രമം നടക്കുന്നത്. പൊതുഗതാഗതം പൂർവ സ്ഥിതിയിലാവാത്തതിനാൽ രാവിലെയും വൈകീട്ടും ബസുകളിൽ നല്ല തിരക്കുണ്ട്. മിക്ക സ്വകാര്യ ബസുകളിലും സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നുണ്ട്.