ചിറ്റൂർ: നിരവധി മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം, ആലിപ്പറമ്പ്, പുതിയവാരിയത്ത് വീട്ടിൽ ജി. വിജയനെയാണ് (46) ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ കോയമ്പത്തൂർ ഉക്കടത്തുനിന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജനുവരി 12ന് മേനോൻപാറ ഗവ. യു.പി സ്കൂളിൽ പൂട്ടുകൾ തകർത്ത് ലാപ്ടോപ്പുകൾ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സൈബർ സെല്ലിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് തൊണ്ടിമുതലും കണ്ടെടുത്തു.
കൊഴിഞ്ഞാമ്പാറ എസ്.എച്ച്.ഒ എം. ശശിധരൻ, എസ്.ഐ വി. ജയപ്രസാദ്, എ.എസ്.ഐ ഇ. അനിൽ, എസ്.സി.പി.ഒമാരായ ആർ. വിനോദ് കുമാർ, കെ. രാമസ്വാമി, സി.പി.ഒമാരായ എൻ. ഷിബു, കെ. അനു എന്നിവരാണ് അംഗങ്ങൾ. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു