മലമ്പുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വൃദ്ധസ്ത്രീകളെയും, കുഞ്ഞിനെയും അത്ഭുതകരമായി രക്ഷപ്പെടുത്തി കുട്ടികൾ. വാരണി പുഴയിൽ തടയണയുള്ള ഭാഗത്ത് കുളിക്കാനെത്തിയ ഇവർ കാൽ വഴുതി സമീപത്തെ ആഴമേറിയ കുഴിയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്കായിരുന്നു സംഭവം. നാലു വയസുകാരനായ ആദു എന്ന അഞ്ചു വയസുകാരൻ മുത്തശ്ശിയായ രത്നമ്മയും, അയൽവക്കത്തെ ശാന്തമ്മ എന്ന സ്ത്രീയോടൊപ്പമാണ് പുഴയിലേക്ക് കുളിക്കാനെത്തിയത്. ശാന്തമ്മയുടെ പുറത്ത് കയറിയിരുന്ന് വെള്ളത്തിൽ കളിക്കുകയായിരുന്നു കുഞ്ഞ്. പെട്ടന്നാണ് കാൽ വഴുതി സമീപത്തെ കുഴിയിലേക്ക് ശാന്തമ്മയും, കുഞ്ഞും വീണത്. അതു വരെ പുഴക്കടവിൽ ഇരിക്കുകയായിരുന്ന കുഞ്ഞിൻ്റെ മുത്തശ്ശിയും വെള്ളത്തിലേക്ക് എടുത്ത് ചാടി. വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന ഇവരെ കണ്ടപ്പോൾ സമീപത്തെ പാറയിലിരിക്കുകയായിരുന്ന അഞ്ചാം ക്ലാസുക്കാരൻ അശ്വിൻ എ.എസും, ആറാം ക്ലാസുക്കാരനായ അശ്വിൻ. കെ യും ചേർന്നാണ് പുഴയിലേക്ക് ചാടി വൃദ്ധ സ്ത്രീകളെ ആദ്യം രക്ഷപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന കുഞ്ഞ് അപ്പോഴും വെള്ളത്തിനടിയിലായിരുന്നു. വീണ്ടും കുഞ്ഞിനെ കണ്ടെത്താനായി അഞ്ചാം ക്ലാസുക്കാരൻ അശ്വിൻ എ.എസ് വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. പുഴയിൽ പതിവായി കുളിക്കാനെെത്തുന്ന രണ്ടു കുട്ടികളും പുഴയിൽ ഏറെ നേരം നീന്തുന്നവരായിരുന്നു. അക്കരക്കാട് അരവിന്ദാക്ഷൻ – ശുഭ ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസുക്കാരൻ അശ്വിൻ.എ.എസ് അകത്തേത്തറ ജി.യു.പി സ്കൂൾ വിദ്യാർത്ഥിയാണ്. അക്കരക്കാട് കണ്ണൻ – സുനിത ദമ്പതികളുടെ മകനായ അശ്വിൻ.കെ മലമ്പുഴ സെ.ജൂഡ് ഇഗ്ലീഷ് മീഡിയം യു.പി സ്കൂൾ വിദ്യാർത്ഥിയാണ്.