പാലക്കാട്:
വെണ്ണക്കര വടുകത്തറ മന്നടി വീട്ടിൽ സഹദേവൻ (52) മരിച്ച സംഭവത്തിൽ മകൻ സതീഷ് (29) അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെയാണ് സഹദേവനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹദേവനെ ആശുപത്രിയിൽ എത്തിക്കാനും പരാതി നൽകാനും സതീഷ് മുന്നിലുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച ഇരുവരും മദ്യപിച്ച് വഴക്കിട്ടതായും ഇതിനിടെയുണ്ടായ മർദനത്തിലാണ് സഹദേവൻ മരിച്ചതെന്നും കണ്ടെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സതീഷ് കുറ്റം സമ്മതിച്ചു.