അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കുമന്ന് നിയമസഭ സമിതി
അഗളി: അട്ടപ്പാടിയിൽ നിലവിലെ അപര്യാപ്തതകൾ സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തുമെന്ന് നിയമസഭ സമിതി. അട്ടപ്പാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി സമിതി വിലയിരുത്തി.
സർക്കാർ കമ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതൽ ബോധവത്കരണം ആവശ്യമാണ്. വിളർച്ച ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാല്യത്തിൽതന്നെ ഇടപെടലുകൾ നടത്തണം. സ്കൂളുകൾ കേന്ദ്രീകരിച്ച് പോഷകാഹാരം നൽകുന്ന പദ്ധതി തുടരണം. ത്രിതല പഞ്ചായത്തുകൾ, പിന്നാക്ക ക്ഷേമവകുപ്പ് എന്നിവർ ഇതിന് മുൻകൈയെടുക്കണം. സമിതിയുടെ നേതൃത്വത്തിൽ സർക്കാറിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമെന്നും സ്ത്രീകള്‍ -ട്രാന്‍സ്ജെന്‍ഡര്‍ -കുട്ടികള്‍ -ഭിന്നശേഷി ക്ഷേമ സമിതി ആക്ടിങ് ചെയർപേഴ്സൻ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു.
പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗക്കാർ എന്നിവരിൽനിന്ന് നിവേദനങ്ങളും സമിതി സ്വീകരിച്ചു. സമിതി അംഗങ്ങളായ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക, അരൂർ എം.എൽ.എ ദലീമ, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. എൻ. ഷംസുദ്ദീൻ എം.എൽ.എ, ജില്ല കലക്ടർ മൃൺമയി ജോഷി, എ.ഡി.എം കെ. മണികണ്ഠൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകൻ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രാമമൂർത്തി, തഹസിൽദാർ വേണുഗോപാൽ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ വി.കെ. സുരേഷ്കുമാർ, കുടുംബശ്രീ കോഓഡിനേറ്റർ പി. സെയ്തലവി, ജില്ല വനിത പ്രൊട്ടക്ഷൻ ഓഫിസർ വി.എസ്. ലൈജു, ജില്ല ശിശു സംരക്ഷണ ഓഫിസർ എസ്. ശുഭ, ഐ.സി.ഡി.എസ് ഓഫിസർ സി.ആർ. ലത വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.