കോവിഡിനു ശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും സ്കൂളിലെത്താൻ അനുവാദമില്ലാത്ത ഒരു വിഭാഗമാണ് പ്രീ സ്കൂൾ കുട്ടികൾ. ടീച്ചറുടെയും കൂട്ടുകാരുടെയും കളിക്കോപ്പുകളുടെയും അസാന്നിധ്യത്തിൽ, വീട്ടിലെ ചേട്ടനും ചേച്ചിയും വിദ്യാലയത്തിലേക്ക് പോകുമ്പോൾ സ്കൂളിൽ പോകാൻ വാശിപിടിച്ചു കരയുന്ന അവർക്കായി പല്ലാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ (GLPS) കണ്ണോരവുമായി അവരിലേക്ക് എത്തിയിരിക്കുകയാണ്.
കുഞ്ഞുമക്കൾക്കൊപ്പം കണ്ണോരവുമായി പല്ലാവൂർ ഗവണ്മെന്റ് എൽ. പി. സ്കൂൾ
കോവിഡിനു ശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും സ്കൂളിലെത്താൻ അനുവാദമില്ലാത്ത ഒരു വിഭാഗമാണ് പ്രീ സ്കൂൾ കുട്ടികൾ. ടീച്ചറുടെയും കൂട്ടുകാരുടെയും കളിക്കോപ്പുകളുടെയും അസാന്നിധ്യത്തിൽ, വീട്ടിലെ ചേട്ടനും ചേച്ചിയും വിദ്യാലയത്തിലേക്ക് പോകുമ്പോൾ സ്കൂളിൽ പോകാൻ വാശിപിടിച്ചു കരയുന്ന അവർക്കായി പല്ലാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ (GLPS) കണ്ണോരവുമായി അവരിലേക്ക് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ 20 മാസമായി പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചു വരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യങ്ങളിൽ അദ്ധ്യാപികമാർ ഗൃഹ സന്ദർശനങ്ങളും കൂടിയിരുപ്പുകളും നടത്തിയിരുന്നു. വീട്ടിലെ മുതിർന്ന കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകുമ്പോൾ കുഞ്ഞുമനസ്സുകളിൽ ദേഷ്യവും, സങ്കടവും, നിരാശയും, നുരഞ്ഞുപൊന്തുന്നത്. ഈ സന്ദർഭത്തിലാണ്.
രക്ഷിതാക്കളുടെ കണ്ണോരത്ത് ഇരുന്ന് പാവനാടകം, കഥ പറച്ചിൽ, ആടാം പാടാം കളിക്കാം, കടലാസിലെ വിസ്മയം, കുത്തിവര, കളിയിലെ കാര്യം, കുട്ടി പരീക്ഷണം, ക്ലേ രൂപനിർമ്മിതി, അമ്മയ്ക്കറിയാമോ കുട്ടികടങ്കഥ, തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ദൃശ്യ-ശ്രവ്യ ഉപകരണങ്ങളുടെ സാധ്യതകളും, കുട്ടികൾക്കും,രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്തുന്നു, ഇതിലൂടെ ആശയ പ്രകടനത്തിനും ആശയ ഗ്രഹണത്തിനും മികച്ച അവസരമാണ് ഒരുക്കുന്നത്.
കുട്ടികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ആഴ്ച്ചയിൽ ഒരു ക്ലാസ്സ് ഒരു പ്രദേശത്ത് എന്ന നിലക്കാണ് മുന്നേറുന്നത്.
വിദ്യാലയത്തിലെത്താത്തതിന്റെ വിടവ് നികത്താൻ കണ്ണോരം പരിപാടിയിലൂടെ കഴിയുമെന്നാണ് അദ്ധ്യാപികമാരും രക്ഷിതാക്കളും പറയുന്നത്. 2019 ൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം (SCERT ) ആസൂത്രണം ചെയ്ത പൈലറ്റ് പദ്ധതിയായ “പല്ലവം” മികച്ച രീതിയിൽ നടപ്പിലാക്കിയ വിദ്യാലയമാണ് പല്ലാവൂർ GLPS.
മികച്ച രക്ഷാകർത്തൃ ശാക്തീകരണത്തിന്റെ മാതൃകകൾ പരിഗണിച്ച് സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്കുള്ള ഒന്നാം സ്ഥാനം GLPS പല്ലാവൂർ എന്ന ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
കണ്ണോരം പദ്ധതിയുടെ ശില്പിയായ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും SMC ചെയർമാനുമായ എ. ഹാറൂൺമാസ്റ്റർ ,ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, പി ടി എ പ്രസിഡന്റ് എസ് ജയ , കൺവീനർ ടി.വി പ്രമീള അദ്ധ്യാപികമാരായ പി.വി. രേഷ്മ എൻ. സംഗീത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പദ്ധതിയുടെ ഉദ്ഘാടനം പല്ലാവൂർക്കാട് കോളനിയിൽ 7-12-2021ന് എ. ഹാറൂൺമാസ്റ്റർ നിർവ്വഹിച്ചു. പല്ലശ്ശന പഞ്ചായത്ത് മെമ്പറും പൂർവ്വ വിദ്യാർത്ഥിയുമായ ഡി. മനുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.വി. പ്രമീള, എൻ. സംഗീത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ സ്വാഗതവും പി.വി.രേഷ്മ നന്ദിയും പറഞ്ഞു.
(വാർത്ത. രാമദാസ് ജി. കൂടല്ലൂർ)