ചിറ്റൂർ: യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് വീടുകയറി സ്ത്രീകളടക്കമുള്ളവരെ മർദിച്ചെന്ന പരാതിയിൽ നാല് പേർ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ മലക്കാട് സ്വദേശികളായ പി.രമൽദാസ് (36), സി.വെള്ളിയങ്കിരി (33), ബി.പ്രശാന്ത് (31), എം.സാന്തോഷ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വണ്ണാമട ആറാംമൈൽ സ്വദേശി സുരേഷിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ആറാംമൈൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്ത് നിന്നിരുന്ന യുവതി കരയുന്നതായി സുരേഷിന്റെ ബന്ധു ഹരികൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടു. കാര്യം തിരക്കിയപ്പോൾ യുവാക്കൾ ശല്യം ചെയ്തതാണെന്ന് മനസ്സിലാക്കുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ സുരേഷിന്റെ വീട്ടിൽ കയറി ഭാര്യയെയും മറ്റംഗങ്ങളെയും മർദിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തുവെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ്ബ് ജയിലിലേക്ക് മാറ്റി.