കോടതിയുടെ കൈവശമുള്ള വസ്തുക്കൾ വിട്ടുനൽകില്ല; സി.ബി.ഐ ആവശ്യം തള്ളി
വാളയാർ കേസ്: കോടതിയുടെ കൈവശമുള്ള വസ്തുക്കൾ വിട്ടുനൽകില്ല; സി.ബി.ഐ ആവശ്യം തള്ളി
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ രണ്ട് അപേക്ഷകളും പാലക്കാട് പോക്‌സോ കോടതി തള്ളി. കുട്ടികളുടെ വസ്ത്രങ്ങൾ, കുരുക്കിട്ട ഷാൾ തുടങ്ങിയവയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. പൊലീസ് രേഖയിലെ മുഴുവൻ സാധനങ്ങളും സി.ബി.ഐ കേസിലേക്ക് ഉൾപ്പെടുത്താനാകില്ലെന്ന് കോടതി പറഞ്ഞു. ഡമ്മി പരീക്ഷണത്തിനായാണ് ഇവ ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെ സമാന വസ്തുക്കള്‍ ഉപയോഗിക്കാമെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും സീഡികൾ ഉള്‍പ്പെടെയുള്ളവയും ആവശ്യപ്പെട്ടിരുന്നു. ഇൗ ഹര്‍ജിയും തള്ളി. പകരം സര്‍ട്ടിഫൈഡ് കോപ്പി നല്‍കാമെന്ന് അറിയിച്ചു. കഴിഞ്ഞയാഴ്ച കേസിലെ ഒന്നാംപ്രതി വലിയ മധു, രണ്ടാംപ്രതി ഷിബു എന്നിവരെ ജില്ല ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിൻെറ ഭാഗമായാണ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിച്ചത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.