വാഴയിലയിൽ നിന്നും മാസ്‌കും , പാരമ്പര്യ രീതിയിൽ വീടുകളിൽ അണുനശീകരണവും : കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന തലത്തിലേക്ക്.
മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പാലക്കാട് ജില്ല. വാഴയിലയിൽ നിന്നും വാഴപ്പോളയിൽനിന്നും മണ്ണിലലിഞ്ഞു ചേരുന്ന മാസ്‌ക് തയ്യാറാക്കി അവതരിപ്പിച്ച് എ..കെ.എൻ.എം.എം.എ. എച്ച്. എസ്. എസ് കാട്ടുകുളത്തെ വിദ്യാർഥിനികളായ അക്ഷയ എം,.കെ.യും സ്‌നേഹജ പി. എച്ച് എന്നിവർ. അതേ സ്കൂളിൽ നിന്നും സവ്യ സുരേഷും അശ്വതി കൃഷ്ണയും തയാറാക്കിതാകട്ടെ ക്യാരറ്റ്, മിൻറ്റ് , ബീറ്റ്റൂട്ട്, തക്കാളി, കൂവ ഇവചേർത്ത് മായമില്ലാത്ത പപ്പടം ഉണ്ടാക്കുന്ന വിദ്യയും. തൈറോയിഡും പ്രസവവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത് കണ്ടത്തലുകളുമായി എത്തിയത് മോയെൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ എം. ലിയാന ഫാത്തിമയാണ്. ഇവരെല്ലാം സീനിയർ വിഭാഗത്തിൽ പെട്ടവരാണ്.
ജൂനിയർ വിഭാഗത്തിൽ നിന്നും 5 ഗവേഷണ പദ്ധതികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുശ്രുത സംഹിതയിൽ നിർദ്ദേശിക്കുന്ന വായുവിലെ അണു നശീകരണം ചെയ്യുന്നതിനുള്ള കൂട്ടും ഉപകരണവും വികസിപ്പിച്ചതാണ് ആലത്തുർ ഗുരുകുലം സ്കൂളിലെ വി.സി.അഭിനവിൻറെ കണ്ടെത്തൽ. കൃഷിയിടത്തിലിറങ്ങുന്ന പക്ഷികളെയും മറ്റു ജീവികളെയും തുരത്തുന്നതിനുള്ള തോക്ക് വികസിപ്പിച്ച് വട്ടേനാടിലെ ഗവ സ്കൂളിലെ എ. ദിനു കൃഷ്ണ. അടക്കാപുത്തൂർ ശബരി സ്കൂളിലെ വി.പി.മാളവിക കണ്ടെത്തിയത് പാരമ്പര്യ കൂട്ടു ലോഹങ്ങളുടെ ചേരുവകളാണ്. വെള്ളത്തെ നശിപ്പിക്കുന്ന ഐകോർണിയ എന്ന ചെടിയെ എങ്ങിനെ മൽസ്യ ഭക്ഷണമാക്കാമെന്ന കണ്ടെത്തലാണ് പാലക്കാട് ലയൺസ് സ്കൂളിലെ പി.ഇന്ദുമിത്ര എസ് .ശിഖ കൂട്ടുകാരികൾ ചെയ്തത്. ചൂടാറാപ്പെട്ടിയുടെ ഊർജ ലാഭത്തിതിന്റെ കണക്ക് പറഞ്ഞാണ് കുത്തന്നൂർ സ്കൂളിലെ പി. പ്രഭിനയും എസ് .അജയും ശ്രദ്ധേയമായത്. ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ജിലാതല അവതരണത്തിൽ ഇവയെക്കൂടാതെ നിരവധി നൂതന ആശയങ്ങളും പദ്ധതികളുമായാണ് കുട്ടികൾ എത്തിയത്.
സംസ്ഥാന കോ-ഓർഡിനേറ്റർ പി.ഹരിനാരായണൻ പദ്ധതി അവതരണ മാർഗ നിർദ്ദേശങ്ങൾ നൽകി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ അധ്യക്ഷവഹിച്ചു. ജില്ലാ വിദ്യാഭാസ ഉപ ഡയറക്ടർ, പി. കൃഷ്‌ണൻ കെ. എഫ്. ആർ. ഐ ശാസ്ത്രജ്ഞൻ ഡോ . രഘു, ഡി. ഇ. ഓ മാർ, അക്കാദമിക് കോ-ഓർഡിനേറ്റർ എ.സി.രാഘവൻ, ദേശീയ ഹരിത സേന വിദ്യാഭ്യാസ കോ-ഓർഡിനേറ്റർമാരായ കെ. എ. അജേഷ്, ഡോ. കെ.എ. അജിത്. സുസ്മിത് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ശാസ്ത്ര പണ്ഡിതരായ ജോസ് ഡാനിയേൽ, ചന്ദ്രശേഖരൻ നായർ, ആർ.ഹരിഹരൻ എന്നിവർ വിധികർത്താക്കളായി. സംസ്ഥാന തല മത്സരം ഇന്നും (ഡിസംബർ 3 ,4 ) നാളെയുമായി ഓൺലൈനായി നടക്കും.