അട്ടപ്പാടിയിൽ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധിച്ച ആദിവാസി സ്ത്രീകൾക്കെതിരെ മോഷണക്കേസ്
പാലക്കാട്: അട്ടപ്പാടിയിൽ പോക്സോ കേസ് അട്ടിമറിച്ചതായി ആരോപണം. ഗൂളിക്കടവിന് സമീപം താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ എയ്ഞ്ചൽ വാട്ടർ സർവീസ് എന്ന സ്ഥാപനം നടത്തുന്ന വ്യക്തി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. കുട്ടിയുടെ വല്യച്ചനും, അമ്മയും അഗളി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഇത് വരെ പോലിസ് നടപടിയെടുത്തിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് വിധവയായ ആദിവാസി സ്ത്രിയും 3 മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ 5 സെന്റ് ഭൂമി 5 വർഷത്തേക്ക് പാട്ടത്തിന് എടുത്ത് ഷൈൻ ചാക്കോ എന്ന വ്യക്തി വാഹനങ്ങളുടെ വാട്ടർ സർവ്വീസ് സ്റ്റേഷൻ നടത്തി വരികയായിരുന്നു. പീന്നീട് ഭൂമിയുടെ ഉടമയായ വിധവയായ ആദിവാസി സ്ത്രിയോട് ബന്ധം സ്ഥാപിച്ച് പാട്ടക്കാലവധി 10 വർഷത്തേക്ക് തരപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഇവരെ വാഗ്ദാനങ്ങൾ നൽകിയും പ്രണയം നടിച്ചും കൂടെ താമസിപ്പിച്ചു വരികയുമായിരുന്നു. ഇതിനിനിടെ പ്രായപൂർത്തിയാവാത്ത ഇവരുടെ മകളെയും നിരന്തരം പീഡിപ്പിച്ച് വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ വല്യച്ചനും, അമ്മയും അഗളി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ സംഭവം പുറംലോകം അറിയുന്നത്. കുട്ടി താമസിക്കുന്ന ഹോസ്റ്റലിൽ വനിത പോലിസ് എത്തി കുട്ടിയോട് സംസാരിച്ചെന്നും കുട്ടിക്ക് പരാതിയില്ലെന്നും പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി പോലിസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവം ചോദിക്കാൻ ഫേസ്ബുക്ക് ലൈവ് ചെയ്ത് വാട്ടർ സർവീസ് സ്റ്റേഷനിലെത്തിയ ആദിവാസി സ്ത്രീ പ്രവൃത്തകരെ കണ്ടതോടെ ഷൈൻ ചാക്കോ അവിടെ നിന്ന് ഇറങ്ങിയോടുകയായും പിന്നീട‍് ആദിവാസി പ്രവൃത്തകർ ഇയാളുടെ ഒന്നര ലക്ഷം മോഷ്ടിച്ചുവെന്ന പാരാതി കൊടുക്കയുമായിരുന്നു. ഇപ്പോൾ ഇയാളുടെ പരാതിയിൽ ആദിവാസി സ്ത്രി പ്രവൃത്തകർക്കെതിരേ കേസെടുത്തിരിക്കുകയാണ് അഗളി പോലിസ്.
ആദിവാസികൾ നൽകുന്ന പരാതിയിൻമേൽ പോലിസ് വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങൾ നിരന്തരം സംഭവിക്കുന്ന സാഹചര്യം കേരളത്തിൽ ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ സൈക്കിൾ പോലും ഓടിക്കാനറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ പെടുത്തി കള്ളക്കേസ് ചുമത്തിയ സംഭവം വിവാദമായിരിക്കെയാണ് അട്ടപ്പാടിയിൽ സമാനസംഭവം റിപോർട്ട് ചെയ്യപ്പെടുന്നത്.