പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം
—അസീസ് മാസ്റ്റർ —
വികസിത, വികസ്വര രാജ്യങ്ങളിലെല്ലാം ജനങ്ങൾ വിലക്കയറ്റത്തിന്റെ ഭാരം അനുഭവിക്കുകയാണ്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്ന നിഗമനത്തിന് ആഗോള തലത്തിൽതന്നെ പ്രസക്തി നഷ്ടപ്പെടുന്ന തരത്തിലേക്കാണ് വർത്തമാനകാല സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. മുൻവർഷത്തെയപേക്ഷിച്ച് ഒക്ടോബറിൽ പണപ്പെരുപ്പ നിരക്കിൽ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ യു എസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവുംവലിയ വിലക്കയറ്റ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഊർജ്ജ, ഭക്ഷ്യ വിലകൾ യഥാക്രമം 30 ശതമാനം, 5.3 ശതമാനം വീതം വർധിച്ചത് യു എസ് ജനതയുടെ ജീവിത ചെലവുകൾ എത്ര കണ്ട് വർധിച്ചിട്ടുണ്ടെന്ന് നമുക്ക് ഊഹിക്കാലോ.
സാമ്പത്തികമേഖല വീണ്ടും സജീവമാവുകയും ഡിമാന്റു വർധിക്കുകയും ചെയ്തതോടെ ഉൽപന്നങ്ങൾ ആവശ്യത്തിന് എത്തിക്കാൻ കഴിയാത്തതിന്റെ പ്രശ്നം ഇന്ത്യ പോലുള്ള രാജ്യങ്ങൾ വരെ നീളുന്നു.
ഡിമാന്റ്- സപ്ലൈ രംഗത്തുണ്ടായ ഈ അസന്തുലനം വിലകളെ മുകളിലോട്ടു തള്ളുകയാണ്. അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തതോ അവയുടെ ദൗർലഭ്യമോ ഉൽപാദനത്തെ ബാധിക്കുകയും അന്തിമ ഉൽപന്നത്തിന്റെ വിലഉയർത്തുകയും ചെയ്യുന്നു.
യുഎസ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥയും ശമ്പള വർധനകാരണം സാധനങ്ങളുടെ വിലവർധിപ്പിക്കേണ്ട അവസ്ഥയിലാണ്. സാമ്പത്തിക ഉദാരവൽക്കരണ നടപടികളും സർക്കാർ നൽകുന്ന തൊഴിലില്ലായ്മാ വേതനവും തൊഴിൽ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന് തൊഴിലാളികൾക്കുള്ള താൽപര്യംകുറച്ചിരിക്കുന്നു. തൊഴിലാളി ദൗർലഭ്യം കാരണം കൂടുതൽ ശമ്പളം നൽകി തൊഴിലാളികളെ തൊഴിൽ വിപണിയിലേക്കു ആകർഷിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നു. തൊഴിലാളി ഉൽപാദന പ്രക്രിയയിലെ പ്രധാന പങ്കാളി ആയതിനാൽ വർധിക്കുന്ന ശമ്പളം അന്തിമമായി ഉൽപന്നങ്ങളുടെ വിലവർധനയിലേക്കാണ് അമേരിക്കയെ നയിക്കുന്നത്.
ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വരും വർഷവും വിലക്കയറ്റം തുടരാനാണിട. സമ്പദ് വ്യവസ്ഥകളെ ഏറ്റവും മോശമായി ബാധിച്ച പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവുകാലത്ത് വിലക്കയറ്റ നിരക്കുകൂടുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരു ഭാഗത്ത് തൊഴിലില്ലാഴ്മയും മറുഭാഗത്ത് വിഭവ ദൗർലഭ്യവും വിലക്കയറ്റം എന്ന വന്മതിൽ കടക്കാൻ ഏറെ വിയർക്കേണ്ടി വരികയാണ് ദരിദ്ര, സമ്പന്ന രാജ്യങ്ങൾ. എല്ലാവർക്കും സന്തോഷകരമായ നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.