വീരാവുണ്ണി മുള്ളത്ത്
പനയൂരിൽ പുതിയ വൈദ്യുതക്കമ്പികൾ ഇടുന്ന പണി പുരോഗമിക്കുന്നു
പട്ടാമ്പി: വൈദ്യുതക്കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങൾക്കും വൈദ്യുതിതടസ്സത്തിനും പരിഹാരമായി വാണിയംകുളം സെക്ഷൻപരിധിയിൽ ഉരുക്ക് കമ്പികൾ സ്ഥാപിക്കുന്നു. അലുമിനിയം സെന്റർ വിത്ത് സ്റ്റീൽ റീ ഇൻഫോഴ്‌സ്ഡ് (എ.സി.എസ്.ആർ.) കമ്പികളാണ് സ്ഥാപിക്കുന്നത്. ഉരുക്കുകമ്പിക്ക് പുറത്ത് അലുമിനിയം കമ്പികൾ പൊതിഞ്ഞ് ബലം കൂട്ടിയാണ് കമ്പി നിർമിച്ചിട്ടുള്ളത്. പൊട്ടിവീഴുന്നതിനൊപ്പം വൈദ്യുതി പ്രസരണനഷ്ടം കുറയ്‌ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാകുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
22.14 ലക്ഷം ചെലവഴിച്ചാണ് 60 കിലോമീറ്ററിൽ വൈദ്യുതക്കമ്പികൾ മാറ്റുന്നത്. 30 കിലോമീറ്റർ ഇതിനോടകം പൂർത്തിയായി.
170 ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള വൈദ്യുതലൈനുകൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം 46 കിലോമീറ്റർ വൈദ്യുതലൈനുകൾ മാറ്റിയിരുന്നു.
അലുമിനിയം കമ്പികൾ മരക്കൊമ്പുകൾവീണ് പൊട്ടിവീഴുന്നത് മഴക്കാലത്തുൾപ്പെടെ അപകട സാധ്യതയുണ്ടാക്കിയിരുന്നു. പുതിയ ലൈനുകൾ സ്റ്റീൽകമ്പിയുള്ളതിനാൽ കമ്പികൾ പൊട്ടിവീഴുന്നത് ഇല്ലാതാക്കുന്നു. വൈദ്യുതപ്രസരണനഷ്ടവും കുറയ്ക്കുന്നതിന് ഇത് സഹായകമാവും. ഉൾനാടൻ പ്രദേശങ്ങളിൽ മഴക്കാലത്ത് മരച്ചില്ലകളും വള്ളികളും ലൈനിൽ വീണ് കത്തിയും കമ്പികൾ പൊട്ടിവീഴാറുണ്ട്.