നെഹ്‌റു:ഇന്ത്യൻ ബഹുസ്വരതയെ കൂട്ടിയിണക്കിയ രാഷ്ട്ര നേതാവ്
-സമദ് കല്ലടിക്കോട്
ഞാൻ നിങ്ങളുടെ പ്രധാന മന്ത്രിയാണ്.എന്നാൽ ഒരു രീതിയിലും നിങ്ങളുടെ രാജാവല്ല.നിങ്ങളുടെ ഭരണാധികാരി പോലുമല്ല.ഞാൻ യഥാർത്ഥത്തിൽ നിങ്ങളുടെ സേവകൻ ആണ്.എന്റെ കടമയിൽ ഞാൻ പരാജയപ്പെടുന്നത് നിങ്ങൾ കാണുമ്പോൾ,എന്റെ ചെവിക്ക് പിടിച്ച് എന്നെ മാറ്റി നിർത്തുക എന്നത് നിങ്ങളുടെ കടമയായിരിക്കും -ജവഹർലാൽ നെഹ്‌റു
നവംബർ 14 വീണ്ടും ഒരു ശിശുദിനം.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശു ദിനമായി നാം ആഘോഷിക്കുന്നത്.ചാച്ചാജി എന്ന പേരിൽ കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും പ്രിയപ്പെട്ട ആളായിരുന്ന നെഹ്‌റുവിനെ ഒരിക്കലെങ്കിലും ഓർമ്മിക്കാത്തവർ കാണില്ല.
ശാസ്ത്രചിന്തയ്ക്ക് മുൻഗണന
നൽകിയ ആ പ്രധാനമന്ത്രിയുടെ ജീവിതവും ദർശനവും മുൻ നിർത്തി സായാഹ്നം-പാലക്കാട് ന്യൂസ് ഒരുക്കിയ ചർച്ച എന്തുകൊണ്ടും പ്രസക്തമായിരുന്നു.മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റുമായ വി. സി.കബീർ മാസ്റ്ററും, പത്രപ്രവർത്തകൻ പി.എ.വാസുദേവനും പങ്കെടുത്ത ചർച്ചയിൽ അസീസ് മാസ്റ്റർ മോഡറേറ്ററായി.
ചിന്തയിലും പ്രവൃത്തിയിലും ശാസ്ത്രീയ
വീക്ഷണം പുലർത്തിയ നെഹ്റുവിൻ്റെ
കാഴ്ചപ്പാടുകൾ സ്ഫുരിക്കുന്നതാണ്
അദേഹത്തിൻ്റെ ചിന്താസരണിയിൽ
നിന്നുമുള്ള വാക്കും വീക്ഷണവുമെന്ന് ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു.
ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന വിവേകമതിയായ രാഷ്ട്ര സാരഥിയായിരുന്നു നെഹ്‌റു. മതവും മത തത്വങ്ങളും മോക്ഷത്തിനും നന്മക്കും ഊർജം പകരുന്ന ദർശനമായിരിക്കാം. എന്നാൽ ഒരു മതത്തിനും തീർക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ പ്രശ്നങ്ങൾ. വിജ്ഞാനവും ചിന്തയും അറിവുമാണ് ഒരു ജനതയുടെ നവീകരണത്തിന്റെ വഴി എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജയിലിൽ ആയിരുന്നപ്പോഴും ഒഴിവ് കിട്ടിയ നിമിഷങ്ങളിലും ലോകപ്രശസ്തമായ ഗ്രന്ഥങ്ങള്‍ രചിക്കാനും സ്വാതന്ത്ര്യ സമരം ഊര്‍ജിതപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാനും അദ്ദേഹം ശ്രമിച്ചു.മകൾ ഇന്ദിര പ്രിയദർശിനിക്ക് എഴുതിയ കത്ത് വിശ്വ ചരിത്രാവലോകനത്തിൽ പോലും അദ്ദേഹം മകളോട് പറഞ്ഞത് രാഷ്ട്രത്തെയും ജനത്തെയും കേന്ദ്രീകരിക്കുന്ന വിഷയങ്ങളായിരുന്നു.
ഭക്തിയെക്കാൾ യുക്തിയെയും ജ്ഞാനത്തെയും
പ്രോത്സാഹിപ്പിച്ച ജവഹർലാൽ നെഹ്റു
വിൻ്റെ ഭരണകാലത്താണ് രാജ്യത്ത്
ഏറെ ശാസ്ത്രസ്ഥാപനങ്ങൾ ആരംഭിച്ചത്. ഏയിംസ്, ഐ ഐ ടി, ഐ എസ് ആർ ഒ തുടങ്ങി രാജ്യത്തിൻ്റെ യശസ്സ് ഉയർത്തി
യ സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ
ഭരണകാലത്താണ് സ്ഥാപിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും സുപ്രധാന വ്യക്തിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ സമകാലികരില്‍ മിക്കവരേക്കാളും വിശാലമായ ചിന്താഗതിക്കാരനും ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ ആളുമായിരുന്നു അദ്ദേഹം.
അറസ്റ്റുകളുടെയും കാരാഗൃഹ വാസത്തിന്റെയും സാധാരണമായി തീർന്ന നാളുകൾ ആയിരുന്നു സ്വാതന്ത്ര്യസമര ദിനങ്ങൾ.
കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങൾ ഏറെയുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ. എന്നാൽ, ‘ഡു ഓർ ഡൈ’ പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന കൊച്ചു മുദ്രാവാക്യം ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാൻ വെമ്പൽകൊള്ളുന്ന ജനതക്ക് കിട്ടിയ തീപ്പൊരിയായിരുന്നു. സമ്മേളന നഗരിയായ എവിടെയും മുഴങ്ങിയ ഈ മുദ്രാവാക്യ തീപ്പൊരി മണിക്കൂറുകൾക്കകം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും പടർന്നു.സമര പോരാട്ടങ്ങൾക്ക് അറിവിന്റെയും നിലപാടിന്റെയും ആദർശ മുഖം നൽകിയതിലും നെഹ്‌റുവിന് പങ്കുണ്ട്.
ഒന്‍പതു വര്‍ഷത്തിലേറെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യ സമരത്തിലെ നെഹ്‌റുവിന്റെ പങ്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നെഹ്‌റുവും രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, അവയെ വ്യത്യസ്തമായിത്തന്നെ വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്.
ഒരു പ്രസ്ഥാനത്തെ നയിക്കുന്നതും ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. പലപ്പോഴും പ്രസ്ഥാന നേതാക്കള്‍ ഭരണത്തില്‍ ഇരിപ്പിടം കിട്ടുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ പല സമകാലികരും പ്രമുഖരും അവരുടെ രാജ്യങ്ങളില്‍ സൂപ്പര്‍ ഹീറോകളായിരുന്നു, അവര്‍ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുണ്ടായി. എന്നാല്‍, സ്വയം സ്ഥാപനങ്ങളായിത്തീര്‍ന്ന അത്തരക്കാരില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.
നല്ലൊരു സോഷ്യലിസ്റ്റും മാനവിക വാദിയും ശാസ്ത്ര കുതുകിയുമായിരുന്നു നെഹ്‌റു.
മതം വ്യക്തിജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയജീവിതത്തിന്റെ കോണുകളിൽ അത് ദിശ പകരുമെന്നും മതകാര്യത്തിലെ സഹിഷ്ണുതയും രഞ്ജിപ്പും സ്വജീവിതത്തിൽ നടപ്പിലാക്കിക്കൊണ്ടും മതാധിഷ്ഠിത ഇന്ത്യൻ സമൂഹത്തിൽ മതേതര സർക്കാരിനെ രൂപപ്പെടുത്താൻ ശ്രമിച്ച ഭരണാധികാരി ആയിരുന്നു ജവഹർ ലാൽ നെഹ്‌റു. ഇന്ത്യയെപ്പോലെ ബൃഹത്തും വൈവിധ്യപൂർണവുമായ ഒരു രാജ്യത്തെയും അവിടുത്തെ നാനാവിധ ജനങ്ങളേയും പുരോഗതിയിലേക്ക് നയിക്കുന്നതിനുതകുന്ന പ്രവർത്തനപരിപാടിയായി രാഷ്ട്രീയ തീരുമാനങ്ങൾ മാറണമെന്നും നെഹ്‌റു ഉൾക്കൊണ്ടു. നെഹ്രുവിന്റെ ശാസ്ത്രബോധ്യങ്ങളുടെ അടിത്തറ നന്മയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായിരുന്നു.
വിഭജനത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത നേതാക്കളാണ് അബുല്‍ കലാം ആസാദും നെഹ്‌റുവും.
ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളെ ഭീതിയോടെ നോക്കിക്കണ്ട നേതാവാണ് നെഹ്‌റു.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരുമെന്നും കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും അദ്ദേഹത്തിന്റെ മനസ്സിലെ നിത്യ ചിന്തകളായിരുന്നു.
നമ്മുടെ രാജ്യത്തെ മതേരതരത്വം മറ്റ് ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായി മാറിയതാണ്. മതേതരത്വത്തിന് എതിരെയുള്ള ഏത് വെല്ലുവിളിയെയും നമുക്ക് ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ.ഇത് നെഹ്‌റു ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ഭരണഘടനാ മൂല്യങ്ങളെ സമ്പൂർണ്ണമായും മാനിക്കാൻ നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പുവരുത്തുന്നതിനോടൊപ്പം വിഭവങ്ങളുടെ നീതിപൂര്‍വമായ പങ്കുവെയ്ക്കല്‍ കൂടിയാണ് നെഹ്‌റു ലക്ഷ്യമിട്ടതെന്നും
ചരിത്രം പറയുന്നു.
ചുരുക്കത്തിൽ
ഇന്ത്യൻ ബഹുസ്വരതയെ കൂട്ടിയിണക്കിയ രാഷ്ട്ര നേതാക്കളിൽ ശ്രേഷ്ഠനാണ് നെഹ്‌റു.മതേതരത്വത്തിന് എതിരെയുള്ള ഏത് വെല്ലുവിളിയെയും ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഇന്നും പ്രസക്തമാവുകയാണ് നെഹ്‌റുവിന്റെ ദർശനം.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട, പാർശ്വവർക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ദേശീയതയടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുളള
നെഹ്‌റുവിന്റെ
ശ്രമങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്നും ചർച്ച ചൂണ്ടിക്കാട്ടി.
പരിപാടിയുടെ പൂർണ്ണ രൂപം നവംബർ 14നു പുറത്തു വിടും.