നോട്ട് നിരോധനത്തിന് പിന്നിട്ട അഞ്ചാണ്ട്
—- അസീസ് മാസ്റ്റർ ——
എന്‍ ജി സി അഥവാ നാനോ ചിപ് എന്ന സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയാണ് 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നത്. ഭൂമിക്കടിയില്‍ 120 മീറ്റര്‍ വരെ ആഴത്തില്‍ സൂക്ഷിച്ചാലും സാറ്റ്‌ലൈറ്റ് വഴിയുള്ള സന്ദേശം പുതിയ നോട്ടിലേക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെടും. ഓരോ നോട്ടും എവിടെയിരിക്കുന്നു എന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കണ്ടെത്താനാവും. ബാങ്കുകളോ ട്രഷറിയോ പോലെ കൂടുതല്‍ പണം സൂക്ഷിച്ചുവെക്കേണ്ടതില്ലാത്ത ഇടങ്ങളില്‍ കണക്കിലധികം പണം പൂഴ്ത്തിവെച്ചാല്‍ പെട്ടെന്ന് കണ്ടെത്താന്‍ എന്‍ജിസി സംവിധാനം ഉപകരിക്കും. മാത്രമല്ല, കള്ളനോട്ട് അടിക്കുന്നവര്‍ക്ക് ഈ സാങ്കേതികവിദ്യ കൃത്രിമമായി ഉണ്ടാക്കിയെടുക്കുക എളുപ്പമാവില്ല-ഇതായിരുന്നു അഞ്ച് വര്‍ഷം മുന്‍പ് സംഘപരിവാര്‍ കേന്ദ്രങ്ങളും മുഖമാധ്യമങ്ങളും നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രചരിപ്പിച്ചത്. എന്തെല്ലാം ജനദ്രോഹങ്ങളായിരുന്നു നോട്ട് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അവര്‍ക്ക് മിണ്ടാട്ടമില്ല. പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് പണിയാനാണെന്ന് വീമ്പുപറഞ്ഞവരില്‍ നിന്നും മാന്യമായ ഉത്തരം പ്രതീക്ഷിക്കാനും പറ്റില്ല. കോവിഡ്കാലത്തും ജനക്ഷേമ ആരോഗ്യ രംഗങ്ങളെ അതിന്റെ ഏറ്റവും നീചമായ അവസ്ഥയിലെത്തിച്ചതിന് നേതൃത്വം നല്‍കിയവരും അത്തരം കാര്യങ്ങളെ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കുകയും ചെയ്തവര്‍ക്ക് നോട്ട് നിരോധനത്തിന്റെ ഇല്ലാക്കഥകള്‍ പാടിനടക്കുന്നതില്‍ മടി കാട്ടേണ്ടതുണ്ടോ.
ഇന്ത്യയ്ക്ക് അര്‍ധരാത്രി സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാല്‍ നൂറ്റാണ്ടായി. എന്നാല്‍ ഒരു ഭരണാധികാരിയും കാണിക്കാത്ത ഏറ്റവും വലിയ വിഡ്ഢി തീരുമാനമായിരുന്നു 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള 2016 നവംബര്‍ 8 രാത്രി എട്ടുമണിക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. സാമ്പത്തികഭദ്രതയും സാങ്കേതിക വിദ്യകളും കൊണ്ട് കാശ്‌ലെസ് പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ പോലും തങ്ങളുടെ കറന്‍സി നിരോധിച്ച് പുതിയ കറന്‍സി പുറത്തിറക്കിയിട്ടില്ല. എന്നാല്‍ വിപണിയില്‍ പഴയ കറന്‍സികള്‍ക്കൊപ്പം പുതിയ കറന്‍സികള്‍ പുറത്തിറക്കി, പതിയെ പഴയ കറന്‍സികളെ ഇല്ലാതാക്കുന്ന ബുദ്ധിപൂര്‍വ്വമായ നീക്കമായിരുന്നു. നോട്ട് നിരോധിച്ചത് കൊണ്ടുള്ള നേട്ടമായി ചൂണ്ടിക്കാണിക്കാനായിട്ടുള്ളത് പൗരന്മാരില്‍ ഭൂരിപക്ഷവും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുമായി പൊരുത്തപ്പെട്ടുവെന്നതാണ്. എന്നാല്‍ അതിനേക്കാളേറെ ജനങ്ങള്‍ തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നിത്യദാരിദ്ര്യത്തിലും കടബാധ്യതയിലുമായി. ചിലര്‍ ഇതില്‍ നിന്നെല്ലാം ഒളിച്ചോടാനായി സ്വയം മരണം വരിച്ചു. എന്നാല്‍ സമ്പന്നമാര്‍ക്ക് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരികയോ, തളര്‍ന്ന് വീഴുകയോ വന്നില്ല. ഇവരുടെ കള്ളപ്പണം മുഴുവന്‍ പുതിയ നോട്ടുകളിലേക്ക് മാറ്റി സംരക്ഷിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. കള്ളപ്പണവും രാജ്യവിരുദ്ധപ്രവര്‍ത്തനവും കള്ളനോട്ടും തടയാനാണ് നോട്ട് നിരോധിച്ചതെന്ന ഭാഷ്യം ബാലിശമായിരുന്നുവെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവം വിരല്‍ചൂണ്ടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക-തൊഴില്‍ മേഖലകളെ നോട്ടുനിരോധനവും തുടര്‍ന്ന് വന്ന ജി എസ് ടിയും ഇന്ധന വില വര്‍ധനവും മാരകരോഗങ്ങളും വീര്‍പ്പുമുട്ടിച്ച കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുവേളകളില്‍ മാത്രം ആശ്വാസമായി ചില പൊടിക്കൈകള്‍ കാട്ടുന്നുവെന്നതൊഴിച്ചാല്‍ സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുകയും സമ്പന്നമാരുടെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന രംഗമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ലോകമാകെയുള്ള ഇന്ത്യയെ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം കാണാനാവുന്നത്. നോട്ട് നിരോധനത്തിന് ശേഷവും എന്തിന്റെ പേരിലാണോ നിരോധനത്തിന് കാരണമായി പറഞ്ഞത് അവയെല്ലാം അതിശക്തമായി നിലനില്‍ക്കുന്ന കാഴ്ചയാണുള്ളത്. വിനിമയത്തിലുള്ള 86 ശതമാനം കറന്‍സികള്‍ നിരോധിച്ച ഒന്നാം മോദി സര്‍ക്കാറിനേക്കാള്‍ കറന്‍സികളുടെ വിനിമയത്തില്‍ വന്‍ വര്‍ധനവാണ് രണ്ടാം മോദി സര്‍ക്കാര്‍ കാലത്ത് തുടരുന്നത്. അപ്പോള്‍ ലക്ഷ്യം പാളിയെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. അശാസ്ത്രീയമായ നോട്ട് നിരോധനവും അപൂര്‍ണ്ണമായ ജി എസ് ടി നടപ്പാക്കലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ചു. ലോക ബാങ്കും മറ്റ് റേറ്റിംഗ് ഏജന്‍സികളും 1999ലെ സാമ്പത്തിക നവീകരണത്തിന് ശേഷമുള്ള ഇന്ത്യയുടെ താഴെയുള്ള റേറ്റിംഗിലാണ്. ആഗോള സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ ക്രിസില്‍ മെയ് മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടും നോട്ട് നിരോധനം രാജ്യത്തിന്റെ മോശം സാമ്പത്തിക അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രശ്‌ന രഹിതമായ ഒരു സായാഹ്നം എല്ലാവര്‍ക്കും നേരുന്നു. ജയ്ഹിന്ദ്.