പാലക്കാട്
ആലത്തൂരിൽനിന്ന് കാണാതായ ഇരട്ട സഹോദരിമാർ ഉൾപ്പെടെ നാലുപേർക്കായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിർത്തി കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടികളിൽ ഒരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫാണ്. ആലത്തൂരിലെ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നാലുപേരെയാണ് ബുധൻ പകൽ രണ്ടിനുശേഷം കാണാതായത്. ഇരട്ടകളായ പെൺകുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂർ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളായ രണ്ട് ആൺകുട്ടികൾ കൂടി ഇവർക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.
ബുധനാഴ്ച ഇവർ പാലക്കാട് നഗരത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
സിഐ റിയാസ് ചാക്കീരി, എസ്ഐ എം ആർ അരുൺകുമാർ എന്നിവര്‍ അന്വേഷക സംഘത്തിലുണ്ട്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു.