മണ്ണാർക്കാട് നഗരസഭയിൽ സെക്രട്ടറിയില്ല; പൂട്ടിയിടേണ്ടി വരുമെന്ന് ചെയർമാൻ
മണ്ണാർക്കാട്: നഗരസഭയിൽ സെക്രട്ടറി ഇല്ലാതായിട്ട് 25 ദിവസം. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും മുടങ്ങി. പുതിയ സെക്രട്ടറിയെ ഉടൻ നിയമിച്ചില്ലെങ്കിൽ നഗരസഭ പൂട്ടിയിടേണ്ടിവരുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ
പഴയ സെക്രട്ടറി സ്ഥലംമാറിപ്പോയി 24ദിവസം പിന്നിട്ടിട്ടും പുതിയ സെക്രട്ടറിയെ നിയമിക്കുകയോ പകരക്കാരന് പൂർണചുമതല നൽകുകയോ ചെയ്തിട്ടില്ല. സെക്രട്ടറിയുടെ നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകിയതായി ചെയർമാൻ അറിയിച്ചു. എൻ. ഷംസുദ്ദീൻ എം.എൽ.എയും ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
നിലവിൽ അസിസ്റ്റന്റ് എൻജിനിയർക്കാണ് സെക്രട്ടറിയുടെ ചുമതല. ഇവർക്ക് എ.ഇ.യുടെ ഡിജിറ്റൽ ഒപ്പാണുള്ളത്. സെക്രട്ടറിയുടെ ഡിജിറ്റൽ ഒപ്പ് ഇല്ലാത്തതിനാൽ സെക്രട്ടറി ഒപ്പുവയ്ക്കേണ്ട എല്ലാ ഫയലുകളും തടസ്സപ്പെട്ടു. പെൻഷനുകൾ, ഓണറേറിയം, ബില്ലുകൾ തുടങ്ങി എല്ലാ പണമിടപാടുകളും മുടങ്ങും.
നിലവിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സംവിധാനം ലഭിച്ചതായി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഈ മാസം നാലിനാണ് സെക്രട്ടറി സ്ഥലംമാറിപ്പോയത്.