പല്ലാവൂർ മുതൽ കുനിശ്ശേരി വരെ മൂന്നു കിലോമീറ്റർദൂരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കൊന്നും ഇല്ലെങ്കിലും ചുരുങ്ങിയത് 20 മിനിറ്റിലധികം സമയം വേണം, അത്രയധികം കുഴികളാണ് ഈ പാതയിലുള്ളത്. പല്ലാവൂർ കുനിശ്ശേരി റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം പൊതുജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
മഴ കനത്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറയുമ്പോൾ കുണ്ടും,കുഴിയും വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്തത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു.
നാളെ നവംബർ ഒന്നിന് തിങ്കളാഴ്ച സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ റോഡിലെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അമിതഭാരം കയറ്റിപോവുന്ന ലോറികളാണ് ഈ റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമെന്ന് ഏവർക്കും പരാതിയുണ്ട്. ഈ റോഡിനു കുറുകെ മണ്ണിനടിയിൽ സ്ഥാപിച്ചിട്ടുള്ള മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട കൊടുവായൂർ സെക്ഷൻ കുനിശ്ശേരി LBC-1 മെയിൻ കനാലിന്റെ സൈഫൺ തകർന്ന വാർത്ത പലതവണ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം വിള നെൽകൃഷിക്കായി ഈ ഭാഗത്തു കനാലിലൂടെ വെള്ളം ഒഴുകുമ്പോൾ ഈ റോഡും ഒരു ചെറിയ കനാലിന്റെ അവസ്ഥയിലാവുകയാണ്. ഒരു കൊറോണക്കാലത്തെ അതിജീവിച്ച ജനങ്ങൾ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ദൈവത്തെ പ്രാർത്ഥിക്കുമ്പോഴെങ്കിലും അധികൃതർ ഈ റോഡിലൂടെ ഒരു തവണയെങ്കിലും യാത്ര ചെയ്ത് ഇവിടത്തെ ദുരവസ്ഥ മനസ്സിലാക്കണമെന്നും ഈ റോഡിലെ യാത്രക്കാരായ മിക്കവരും അഭിപ്രായപ്പെടുന്നു.
വാർത്ത. (രാമദാസ് ജി. കൂടല്ലൂർ)