,
പാലക്കാട്
കടമ്പഴിപ്പുറം കണ്ണുകുറുശിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന്റെ പിടിയിൽ. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു കെ രാജേന്ദ്രൻ (49) ആണ് കൊലപാതകം നടത്തി അഞ്ചാം വർഷം അറസ്റ്റിലായത്. 2016 നവംബർ 14നായിരുന്നു നാട് ഞെട്ടിയ ക്രൂരമായ കൊലപാതകം.
കണ്ണുകുറുശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (55), ഭാര്യ അമ്മുക്കുട്ടി (52) എന്നിവരെ കിടപ്പുമുറയിലിട്ട് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മക്കൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമ്മുക്കുട്ടി ധരിച്ച ആറരപ്പവൻ സ്വർണവും 4,000 രൂപയും നഷ്ടപ്പെട്ടിരുന്നു. കേസിൽ അഞ്ചു മാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താൻ സാധിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് നാട്ടുകാർ സംയുക്ത സമരസമിതിയും ആക്‌ഷൻ കൗൺസിലും രൂപീകരിച്ചു. ഒറ്റപ്പാലം മുൻ എംഎൽഎ പി ഉണ്ണി നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടർന്ന്, 2019ൽ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറി. നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷക്കണക്കിന് ഫോൺവിളികളും പരിശോധിച്ചു. ഒടുവിൽ സംശയമുള്ളവരെ വേഷംമാറി മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ക്രൈംബ്രാഞ്ച് എസ്‌പിമാരായ സുദർശൻ, സലീം, ഡിവൈഎസ്‌പിമാരായ എം വി മണികണ്ഠൻ, സി എം ദേവദാസ്, തൃശൂർ ക്രൈംബ്രാഞ്ച് എസ്‌ഐ മുഹമ്മദ് അഷറഫ്
എഎസ്‌ഐമാരായ എം ഹബീബ്, പി സുദേവ്, സുദേവൻ, കെ രാമകൃഷ്ണൻ, എസ്‌സിപിഒമാരായ സതീഷ്‌കുമാർ, കെ രമേശ്, കെ സജീന, സി വി ഷീബ, സിപിഒ എച്ച് ഷിയാവുദ്ദീൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്പഴിപ്പുറത്തെ വാടകവീട്ടിൽനിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങിയശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഐജി എസ് ശ്രീജിത്ത്, എസ്‌പിമാരായ സലീം, ഡിവൈഎസ്‌പി മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.