വടക്കഞ്ചേരി പാളയം മാന്ത്രാപള്ളം സ്വദേശി സുരേഷിന്റെ വീട്ടിലെ വളർത്തുനായകളെ കൊല്ലുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്‌തവർ അറസ്‌റ്റിൽ. പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്തത്. 18 നാണ് സംഭവം.
സുരേഷിന്റെ വീട്ടിലെ ലാബ്രഡോർ, ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളെ കോഴി ഇറച്ചിയിൽ വിഷം ചേർത്തുകൊടുത്ത് കൊല്ലുകയായിരുന്നു. അന്നേ ദിവസം സുരേഷിന്റെ വീട്ടിലെ മൂന്ന് കോഴികളെയും ഇവർ മോഷ്ടിച്ചു. ഇതിൽ രണ്ടെണ്ണത്തെ കൊന്ന് അടുത്ത ദിവസം സുരേഷിന്റെ വീടിനുസമീപത്തെ വൈദ്യുതിക്കാലിൽ കെട്ടിത്തൂക്കി.
കോഴിയുടെ കാലിൽ പ്രതികൾ എഴുതിയ ഭീഷണി കത്തും ഉണ്ടായിരുന്നു. സുരേഷിന്റെ ബന്ധുവും പ്രതികളിലൊരാളും തമ്മിലുള്ള അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ സുരേഷ് വിസമ്മതിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിനുപിന്നിൽ.
സുരേഷിന്റെ വീടിനുസമീപത്തും ഇറച്ചി വാങ്ങിയ കോഴിക്കടയിലും ഉൾപ്പെടെ പ്രതികളുമായി പൊലീസ് തെളിവെടുത്തു.
മിണ്ടാപ്രാണികളെ കൊല്ലൽ, മോഷണം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വടക്കഞ്ചേരി സിഐ എം മഹേന്ദ്രസിംഹൻ, എസ്ഐ കെ വി സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.