പാലക്കാട് നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു
പാലക്കാട്
നഗരസഭയുടെ മാസ്‌റ്റർ പ്ലാൻ നടപ്പാക്കിയാൽ പാലക്കാട് നഗരം കൂടുതൽ വെള്ളക്കെട്ടിലാകും. നീർത്തടാധിഷ്ടിത തണ്ണീർത്തട നിയമം ലംഘിച്ചാണ് പലയിടത്തും കെട്ടിടങ്ങൾ ശുപാർശ ചെയ്‌തത്. നിർമാണം തുടങ്ങിയാൽ കനത്ത മഴയിൽ മണപ്പുള്ളിക്കാവ് മുതൽ കോട്ടമൈതാനം വരെ വെള്ളത്തിനടിയിലാകും.
ദേശീയപാത സർവീസ് റോഡിനുസമീപം കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതോടെ ആ ഭാഗത്തുള്ള ഒഴുക്ക് തടസ്സപ്പെടും. പല കോളനികളും വെള്ളത്തിലാകും. എത്രയും വേഗം മാസ്‌റ്റർ പ്ലാൻ അംഗീകരിച്ചില്ലെങ്കിൽ നഗരസഭയ്‌ക്ക് ഫണ്ട് നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരണസമിതി കൗൺസിലിനേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചത്.
നഗരസഭാ ടൗൺ പ്ലാനിങ് വിഭാഗത്തിനാണ് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കാൻ ചുമതലയെങ്കിലും നഗരത്തിലെ കെട്ടിട കരാറുകാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതാണ് നിർദേശങ്ങളെന്നും പരാതിയുണ്ട്. ഫ്ലാറ്റ് ഉടമകളുടെ കൃഷി സ്ഥലങ്ങളെ മിക്‌സഡ് ഏരിയകളാക്കി. ഇവിടെയെല്ലാം കെട്ടിടം നിർമിക്കാൻ ഇനി തടസ്സമുണ്ടാകില്ല. ഇത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുമെന്നും പരാതിയുണ്ട്. നഗരസഭാ മാസ്‌റ്റർ പ്ലാൻ അംഗീകരിച്ചാൽ മാറ്റം വരുത്തൽ എളുപ്പമല്ല.
നിലവിൽ സ്വകാര്യ വ്യക്തി തന്റെ സ്ഥലം ഉൾപ്പെടുത്തിയത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് കോടതിയെ സമീപിച്ചതോടെ, ഈ സാഹചര്യം മുതലെടുത്ത് വൻ അഴിമതിക്ക് കളമൊരുക്കുകയാണ് ബിജെപി ഭരണസമിതി.
പ്രമീള ശശിധരൻ ചെയർപേഴ്‌സണായ മുൻ ബിജെപി ഭരണസമിതിയുടെ കാലത്താണ് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്. ഇപ്പോഴത്തെ ഭരണസമിതി നിരവധി സ്ഥലങ്ങളിൽ മാറ്റം വരുത്തി കെട്ടിട നിർമാണ ലോബിക്ക് സഹായകമായി കൂട്ടിച്ചേർക്കലും ഒഴി
വാക്കലും നടത്തി.
മാസ്‌റ്റർ പ്ലാൻ സംബന്ധിച്ച് പാടശേഖരസമിതികൾ, മോണിറ്ററിങ് സമിതികൾ എന്നിവയ്‌ക്ക് പരാതിയുണ്ട്. എന്നാൽ അത് സമർപ്പിക്കാൻ സമയം നൽകിയില്ല. ഇതാണ് മാസ്‌റ്റർ പ്ലാനിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ബലം നൽകുന്നത്. മുതിർന്ന ബിജെപി കൗൺസിലർമാരും മാസ്‌റ്റർ പ്ലാനിനെതിരെ രംഗത്തുവന്നിട്ടുണ്ട്.